sanju-

മുംബയ്: ഐ പി എല്ലിന്റെ പുത്തൻ സീസണിന്റെ ആരംഭത്തിൽ തന്നെ ആരാധകർ ശ്രദ്ധിച്ചൊരു കാര്യമുണ്ട്. പത്ത് ടീമിലെ ക്യാപ്ടന്മാരെയും എടുക്കുമ്പോൾ അതിൽ അഞ്ച് പേർ യുവതാരങ്ങളും മറ്റ് അഞ്ച് പേർ മുതിർന്ന താരങ്ങളുമായിരുന്നു. സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നീ യുവതാരങ്ങൾ അവരവരുടെ ടീമുകളുടെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്തപ്പോൾ മുതിർന്ന താരങ്ങളായ കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ, കെയ്ൻ വില്ല്യംസൺ, ഫാഫ് ഡുപ്ളെസിസ് എന്നിവർ മറുവശത്തും അണിനിരന്നു. മുതിർന്ന താരങ്ങളുടെ കൂട്ടത്തിൽ ക്യാപ്ടൻസിയിൽ മുൻ പരിചയം ഇല്ലാത്തത് രവീന്ദ്ര ജഡേജയ്ക്ക് മാത്രമായിരുന്നു. എന്നാൽ ചെന്നൈയുടെ ആദ്യ മത്സരത്തിൽ കണ്ടതു പോലെ മിക്ക തീരുമാനങ്ങളും എടുത്തത് മുൻ ഇന്ത്യൻ നായകൻ ആയിരുന്ന ധോണി ആയിരുന്നു.

സ്വാഭാവികമായും ക്യാപ്ടൻസിയിൽ മുൻ പരിചയം ഉള്ള താരങ്ങൾ നയിക്കുന്ന ടീമുകൾ ജയിക്കുമെന്ന് തന്നെയാണ് ആരാധകരിൽ ബഹുഭൂരിപക്ഷവും കരുതിയിരുന്നത്. എന്നാൽ എല്ലാവരെയും അത്ഭുപ്പെടുത്തി ആദ്യ റൗണ്ട് പോരാട്ടം കഴിയുമ്പോൾ ജയിച്ച അഞ്ചു ടീമുകളും യുവതാരങ്ങൾ നയിച്ചവയാണ്.

അതേസമയം ഈ അഞ്ച് യുവതാരങ്ങളിൽ ഏറ്റവും അധികം മതിപ്പുളവാക്കിയത് രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസൺ ആണെന്ന് മുൻ ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി പറഞ്ഞു. പോസ്റ്റ് മാച്ച് ചർച്ചയിൽ സംസാരിക്കുമ്പോഴായിരുന്നു രവി ശാസ്ത്രി സഞ്ജുവിനെ പുകഴ്ത്തിയത്. മറ്റുളളവർ മോശമായിരുന്നു എന്നല്ല മറിച്ച് ബാക്കിയുള്ളവരെ വച്ച് നോക്കുമ്പോൾ സഞ്ജുവിന് ചില നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വന്നിരുന്നെന്നും അത് കൃത്യ സമയത്ത് എടുത്തതുമാണ് സഞ്ജുവിനെ വ്യത്യസ്തനാക്കിയതെന്ന് ശാസ്ത്രി പറ‌ഞ്ഞു. മാത്രമല്ല എതിരാളികളുടെ വിക്കറ്റുകൾ തുടരെ വീണിട്ടും അവർക്കു മേലുള്ള സമ്മർദ്ദം ഒരിക്കൽപോലും ലഘൂകരിക്കാൻ സഞ്ജു തയ്യാറായില്ലെന്നും കൃത്യമായ ഇടവേളകളിൽ ബൗളർമാരെ മാറ്റി കൊണ്ടിരുന്നെന്നും ശാസ്ത്രി പറഞ്ഞു.

ബാറ്റിംഗിൽ സഞ്ജു മികച്ച ഫോമിലാണെന്നും ആ ആത്മവിശ്വാസം താരത്തിന്റെ ക്യാപ്ടൻസിയിലും പ്രകടമാകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈയൊരു സാഹചര്യത്തിൽ സഞ്ജുവിന് കൊടുക്കാൻ വേണ്ടി ഉപദേശങ്ങളൊന്നും ഇല്ലെന്നും എങ്ങനെ കളിക്കുന്നുവോ അതുപോലെ തുടരാൻ ശ്രമിക്കുക എന്ന് മാത്രമേ പറയാനുള്ളൂവെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.