
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. പൊലീസ് കെട്ടിച്ചമച്ചതാണ് കേസ് എന്നാണ് നടന്റെ വാദം.
എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഫോൺ രേഖകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. കേസിലെ ആറാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ വ്യവസായി ശരത്തിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ ആറ് മണിക്കൂറാണ് അന്വേഷണ ഉദ്യോഗസ്ഥർ ശരത്തിനെ ചോദ്യം ചെയ്തത്.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനാറര മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ആവശ്യമെങ്കിൽ നടനെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.