kanyakumari

നാഗർകോവിൽ: സഞ്ചാരികളുടെ കാത്തിരിപ്പിനൊടുവിൽ കന്യാകുമാരി ത്രിവേണി സംഗമത്തിലുള്ള വിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയും ബന്ധിപ്പിച്ച് പുതിയ കണ്ണാടി പാലം ഉടൻ നിർമ്മിക്കും. വിനോദ സഞ്ചാരികളുടെ നീണ്ട നാൾ അവശ്യ പ്രകാരമാണ് കന്യാകുമാരിയിൽ കടൽ പാലം നിർമ്മിക്കുന്നത്. 37 കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്.

പാലത്തിനായിട്ടുള്ള ടെൻഡർ ക്ഷണിച്ചിട്ടുള്ളതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പണികൾ പൂർത്തിയാക്കുമെന്ന് കഴിഞ്ഞ 26ന് കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവർ ശിലയും സന്ദർശിച്ച ശേഷം തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എ.വി. വേലു അറിയിച്ചു. 72 മീറ്റർ നീളവും,10 മീറ്റർ വീതിയുമുള്ള പാലം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ കണ്ണാടിയിലാണ് നിർമ്മിക്കുന്നത്.

പ്രതികൂല കാലാവസ്ഥ കാരണം ചില ദിവസങ്ങളിൽ ബോട്ട് സർവീസുകൾ മുടങ്ങാറുണ്ട്.അതു പോലെ തിരക്ക് കാരണം വിവേകാനന്ദപ്പാറയിൽ എത്തുന്ന എല്ലാപേർക്കും 133 അടി ഉയരമുള്ള തിരുവള്ളുവർ പ്രതിമ സന്ദർശിക്കാൻ കഴിയാതെ നിരാശയോടെ തിരികെ പോകേണ്ട അവസ്ഥയാണ്. രണ്ട് പാറകൾക്കിടയിലുണ്ടാകുന്ന ശക്തമായ തിരമാല കാരണമാണ് ബോട്ട് സർവീസുകൾ മുടങ്ങുന്നത്.

വിനോദ സഞ്ചാരികളുടെ ആവശ്യ പ്രകാരം 2018ൽ കേന്ദ്ര മന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണൻ കേന്ദ്ര സർക്കാരിനോട് ആശയം ഉന്നയിച്ചശേഷം പാലത്തിനായി 15 കോടി രൂപ കേന്ദ്ര സർക്കാർ അന്ന് അനുവദിച്ചിരുന്നു. എന്നാൽ ചില കാരണങ്ങൾ കാരണം അത് മുടങ്ങി. ഇങ്ങനെയിരിക്കവെയാണ് ഇപ്പോൾ തമിഴ്നാട് സർക്കാർ തുക അനുവദിച്ച് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ഇരിക്കുന്നത്.