
വേനൽക്കാലത്ത് വളരെയധികം ഡിമാന്റ് കൂടുന്ന ഒന്നാണ് തണ്ണിമത്തൻ. ചൂടുകാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാൻ തണ്ണിമത്തൻ കഴിക്കുന്നത് വളരെ നല്ലതാണ്. ഒപ്പം ശരീരത്തിന് പോഷണവും മനസിന് ഉന്മേഷവും ഇവ നൽകുന്നു. ധാരളം പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദം ഉൾപ്പെടെയുള്ള പല അസുഖങ്ങളും നിയന്ത്രിക്കുന്നതിനും തണ്ണിമത്തൻ സഹായിക്കുന്നു. വിറ്റാമിനുകളും മിനറലുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പതിവ് തണ്ണിമത്തൻ ജ്യൂസ് കഴിച്ച് മടുത്തെങ്കിൽ പരീക്ഷിച്ചു നോക്കൂ പോഷകസമൃദ്ധവും രുചികരവുമായ മൂന്ന് വ്യത്യസ്ത തണ്ണിമത്തൻ സർബത്തുകൾ.
തണ്ണിമത്തൻ,നാരങ്ങ, ഇഞ്ചി സർബത്ത്
ചേരുവകൾ
തണ്ണിമത്തൻ കുരു കളഞ്ഞത്- ഒരു കിലോ
നാരങ്ങാനീര്- രണ്ട് നാരങ്ങയുടെ നീര്
ഇഞ്ചി- ഒരു ചെറിയ കഷ്ണം
പഞ്ചസാര- ആവശ്യത്തിന്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി മിക്സിയിൽ ഇട്ട് അടിച്ച ശേഷം ഗ്ലാസിൽ വിളമ്പുക.
തണ്ണിമത്തൻ ഓറഞ്ച് സർബത്ത്
ചേരുവകൾ
കുരുകളഞ്ഞ തണ്ണിമത്തൻ- ഒന്ന്
നാരങ്ങാ നീര്- ഒരു ടേബിൾസ്പൂൺ
പുതിനയില- രണ്ട് സ്പൂൺ
ഓറഞ്ച് കുരു കളഞ്ഞത്- ഒന്ന്
കുരുമുളക് പൊടി- ഒരു നുള്ള്
തയാറാക്കുന്ന വിധം
തണ്ണിമത്തൻ, ഓറഞ്ച് എന്നിവ മിക്സിയിൽ നന്നായി അടിക്കുക. അതിലേയ്ക്ക് നാരങ്ങാനീര്, പുതിനയില എന്നിവയിട്ട് ഒന്നുകൂടി അടിക്കുക. ശേഷം ഗ്ലാസിൽ ഒഴിച്ച് മുകളിൽ കുറച്ച് കുരുമുളക് പൊടി വിതറി വിളമ്പുക.
തണ്ണിമത്തൻ മിൽക്ക് ഷേക്ക്
ചേരുവകൾ
തണ്ണിമത്തൻ- ഒരു കിലോ
തണുപ്പിച്ച പാൽ- ഒരു ഗ്ലാസ്
ഈന്തപ്പഴം-10 എണ്ണം
ഏലക്കാപ്പൊടി-ഒരു ടീസ്പൂൺ
നട്സ്- അലങ്കരിക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഈന്തപ്പഴം കുറച്ച് വെള്ളത്തിൽ കുതിർത്ത് അരച്ച് വയ്ക്കുക. ശേഷം തണ്ണിമത്തൻ കുരു കളഞ്ഞ് ഉടച്ചെടുക്കുക. ഇതിലേയ്ക്ക് ഈന്തപ്പഴം അരച്ചതും പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തണുപ്പിച്ച ശേഷം നട്സ് ഉപയോഗിച്ച് അലങ്കരിച്ച് ഗ്ലാസിൽ വിളമ്പാം.