
തിരുവനന്തപുരം: വളർച്ചയിലേക്ക് കുതിക്കുന്ന തിരുവനന്തപുരത്തിന് വ്യോമമാർഗം യൂറോപ്പ്,ആസ്ട്രേലിയൻ കണക്ഷൻ തുറക്കുന്നു. രണ്ടിടത്തേക്കും സർവീസുകൾ ആരംഭിക്കാൻ വിമാനക്കമ്പനികളും അദാനിഗ്രൂപ്പും ചർച്ചയിലാണ്. ഗൾഫ് വഴിയുള്ള കണക്ഷൻ സർവീസുകളിലൂടെയേ നിലവിൽ ഇവിടങ്ങളിലേക്ക് പറക്കാനാവൂ. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ തലസ്ഥാനത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെത്തുമെന്നും ടൂറിസം, ഐ.ടി വികസനം വേഗത്തിലാകുമെന്നും വിലയിരുത്തപ്പെടുന്നു.
ആസ്ട്രേലിയൻ വിമാനക്കമ്പനിയായ ജെറ്റ്‌സ്റ്റാർ നേരത്തേ തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ആസ്ട്രേലിയൻ കണക്‌ഷൻ ലഭിക്കുന്ന വിധത്തിൽ തിരുവനന്തപുരത്തുനിന്ന് സിംഗപ്പൂരിലേക്ക് സർവീസിനാണ് ജെറ്റ്‌സ്റ്റാർ ശ്രമിച്ചത്. മെൽബൺ ആസ്ഥാനമായ ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ ജെറ്റ്‌സ്റ്റാർ വന്നെങ്കിൽ യാത്രാനിരക്കുകൾ കാര്യമായി കുറയുമായിരുന്നു. ലോകറാങ്കിംഗിൽ മുന്നിലാണ് ജെറ്റ്‌സ്റ്റാറിന്റെ സ്ഥാനം. സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന ബഡ്‌ജറ്റ് എയർലൈനായ സ്കൂട്ട് എയർലൈൻ അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും കണക്‌ഷൻ യാത്രയൊരുക്കും. ലോസ് ആഞ്ചലസ്, സാൻഫ്രാൻസിസ്കോ, സിഡ്നി എന്നിവിടങ്ങളിലേക്കാവും ഇവിടെ നിന്നുള്ള കണക്ഷൻ. സിംഗപ്പൂരിൽ നിന്ന് സിംഗപ്പൂർ എയർലൈനിലാവും അമേരിക്കൻ, ആസ്ട്രേലിയൻ കണക്ഷനുകൾ. ആസ്ട്രേലിയ,തായ്‌ലാൻഡ്,ഇന്തോനേഷ്യ,ജർമ്മനി,ചൈന എന്നിങ്ങനെ 60 രാജ്യങ്ങളിലേക്ക് സ്‌കൂട്ടിന് സർവീസുണ്ട്. സിംഗപ്പൂർ എയർലൈൻസിന്റെ ഉപകമ്പനിയാണിത്.
ഒമാൻ എയർസർവീസ് നിറുത്തിയതിന് പകരം സലാം എയർസർവീസ് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും തിരക്കേറിയ ബംഗളൂരുവിലേക്ക് ഇൻഡിഗോ സർവീസ് കൂട്ടും. നിലവിലെ 28 സർവീസുകൾ 36 ആകും. ബംഗളൂരുവിലേക്ക് പ്രതിദിനം അഞ്ച് സർവീസുകളുണ്ടാവും. ഇതിനുപുറമെ സ്‌പൈസ് ജെറ്റിന്റെ ഒരു പ്രതിവാര സർവീസുമുണ്ടാവും. ബാങ്കോക്ക്, സലാല,ഹാനിമാധൂ (മാലദ്വീപ്) എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ തുടങ്ങും. കൊൽക്കത്ത,പൂനെ,ദുർഗാപൂർ എന്നിവിടങ്ങളിലേക്ക് പുതിയ ആഭ്യന്തര സർവീസുകളുമുണ്ട്.
മലേഷ്യൻ എയർലൈൻസ് വരുന്നു
150ലേറെ രാജ്യങ്ങളിലെ 1000 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന മലേഷ്യൻ എയർലൈൻസ് തിരുവനന്തപുരത്തുനിന്ന് സർവീസ് തുടങ്ങും. ഇവിടെ നിന്ന് തമിഴ് യാത്രക്കാർ കൂടുതലുള്ളതാണ് മലേഷ്യൻ എയർലൈൻസിനെ ആകർഷിച്ചത്. ഏഷ്യ,ആഫ്രിക്ക,അമേരിക്ക,പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കെല്ലാം സർവീസുള്ള മലേഷ്യൻ എയർലൈൻസിന്റെ വരവ് കൂടുതൽ കണക്ഷൻ സർവീസുകൾക്ക് വഴിയൊരുക്കും.
പഠനം നിർണായകം
തിരുവനന്തപുരത്തുനിന്ന് കൂടുതൽ സർവീസ് ആരംഭിക്കാൻ വിമാനക്കമ്പനികൾ പഠനം നടത്തുന്നുണ്ട്. ലാഭമുണ്ടായാലേ കൂടുതൽ സർവീസുകൾ വരൂ. തിരുവനന്തപുരത്ത് കണക്ഷൻ ഇല്ലാത്ത നഗരങ്ങളിലേക്ക് മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് യാത്രചെയ്യുന്നവരുടെ എണ്ണമടക്കം ശേഖരിച്ചുള്ള പഠനമാണ് നടക്കുന്നത്. ഇതിനുശേഷമാവും പുതിയ സർവീസുകൾക്ക് കേന്ദ്രാനുമതി തേടുക.
പ്രിയങ്കരം ഷാർജ
തലസ്ഥാനത്തു നിന്ന് ഷാർജയിലേക്കാണ് ഏറ്റവുമധികം സർവീസുകൾ - പ്രതിവാരം 30 എണ്ണം. ദോഹ (18), മസ്കറ്റ്, ദുബായ് (17 വീതം) എന്നിവിടങ്ങളിലേക്കും സർവീസുകളുണ്ട്. ഇതോടെ പ്രതിവാര അന്താരാഷ്ട്ര സർവീസുകൾ 95ൽ നിന്ന് 138 ആയി ഉയരും.
' യൂറോപ്പ്,ആസ്ട്രേലിയൻ കണക്ഷനായി ചർച്ചകൾ പുരോഗമിക്കുന്നു. കൂടുതൽ സർവീസുകളും യാത്രക്കാരുമാണ് ലക്ഷ്യം. എല്ലാ സാദ്ധ്യതകളും പരിശോധിക്കും'
അദാനി ഗ്രൂപ്പ്