
ചെന്നൈ: തമിഴ്നാട്ടിലേക്ക് നിക്ഷേപ സാദ്ധ്യതകൾ തേടി കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദുബായിലെത്തിയത്. യു എ ഇ സന്ദർശന വേളയിലെ മുഖ്യമന്ത്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വെള്ള മുണ്ടും ഷർട്ടുമണിഞ്ഞ് ജനങ്ങൾക്ക് മുന്നിലെത്താറുള്ള സ്റ്റാലിൻ യു എ ഇ സന്ദർശനവേളയിൽ കോട്ടും സ്യൂട്ടുമാണ് ധരിച്ചത്. സാധാരണയായി സിംപിൾ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള സ്റ്റാലിൻ കോട്ടും സ്യൂട്ടും ധരിച്ചത് ജനങ്ങൾക്ക് പുതുമയായി. ലുക്കിൽ സൂപ്പർതാരങ്ങളെ കടത്തിവെട്ടുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
മുഖ്യമന്ത്രിയുടെ കോട്ടിന്റെ വിലയെത്രയെന്ന് ചോദിച്ചും നിരവധി പേർ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ സ്റ്റാലിൻ ധരിച്ച ജാക്കറ്റിന് 17 കോടി രൂപയായെന്ന് പ്രചരിപ്പിച്ച യുവമോർച്ച നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറി എടപ്പാടി സ്വദേശി അരുള്‍ പ്രസാദാണ് അറസ്റ്റിലായത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍ നിന്ന് ലഭിച്ച വിവരമെന്ന് പറഞ്ഞാണ് ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

സ്റ്റാലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഈ ചുള്ളൻ ഗെറ്റപ്പിന് പിന്നിലെ രഹസ്യമെന്താണെന്ന് ചോദിക്കുന്നവരുമുണ്ട്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഡയറ്റാണെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.
വ്യായാമത്തിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തി കൂടിയാണ് സ്റ്റാലിൻ. തിരക്കിനിടയിലും സ്ഥിരമായി യോഗ ചെയ്യാനും സൈക്ലിംഗിനും മുഖ്യമന്ത്രി സമയം കണ്ടെത്താറുണ്ട്. ട്രാക്ക് സ്യൂട്ടിട്ട് നടക്കാനിറങ്ങിയ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൂടാതെ ജിമ്മിലെ ചിത്രങ്ങളും നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
