
വേനൽക്കാലത്ത് മുഖത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. വെയിലും അന്തരീക്ഷ മലിനീകരണവും മറ്റ് പല കാരണങ്ങളും മൂലം പലർക്കും മുഖകാന്തി നഷ്ടപ്പെടുന്നു. നിറം വർദ്ധിപ്പിക്കുന്നതിനായി വിപണിയിൽ പല തരത്തിലുള്ള ക്രീമുകൾ ലഭ്യമാണെങ്കിലും അവ ചർമത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. എല്ലാവരുടെയും ചർമത്തിന് സ്വാഭാവികമായ നിറമുണ്ട്. അതിൽ ഒരു പരിധിയിലധികം മാറ്റം വരുത്തുക എന്നത് അസാദ്ധ്യമായ കാര്യമാണ്. എന്നാൽ സ്വാഭാവിക നിറം കുറയുന്നതിന് പരിഹാരം കാണാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
മഞ്ഞൾ
സൗന്ദര്യസംരക്ഷണത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. മഞ്ഞളും ചന്ദനവും മിക്സ് ചെയ്ത് തേയ്ക്കുന്നതിലൂടെ മുഖത്തുണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ മാറ്റി സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ കഴിയും.
ചന്ദനം
ചന്ദനവും പനിനീരും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. ചർമത്തിന്റെ കരുവാളിപ്പ് ഇല്ലാതാക്കി തിളക്കവും നിറവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
വെള്ളരിക്ക നീര്
വെള്ളരിക്കയുടെ നീരും അൽപ്പം തേങ്ങാപ്പാലും മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കുന്നത് ഇരുണ്ട നിറത്തെ ഇല്ലാതാക്കി നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
തേങ്ങാവെള്ളം
തേങ്ങാവെള്ളം മുഖത്തും കഴുത്തിലും പുരട്ടുന്നത് ചർമത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും സൂര്യതാപം മൂലമുള്ള കരുവാളിപ്പ് മാറ്റുന്നതിനും സഹായിക്കുന്നു.
തൈര്
മുഖത്ത് തൈര് തേച്ച് പിടിപ്പിക്കുന്നത് ചർമത്തിന്റെ കരുവാളിപ്പ് ഇല്ലാതാക്കുന്നതിനും പല ചർമ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു.
തേൻ
തേനും നാരങ്ങാനീരും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചർമത്തിന്റെ വരൾച്ച മാറ്റാൻ സഹായിക്കുന്നു. മുഖത്തെ ചുളിവുകളും കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിളും മാറ്റുന്നതിനും ഇത് സഹായിക്കുന്നു.
പാൽ
പാലും തേനും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചർമത്തിനുണ്ടാകുന്ന അസ്വസ്ഥതൾ പരിഹരിക്കുന്നതിനും കറുത്ത പാടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ചെറുനാരങ്ങാ നീര്
മുഖക്കുരു പരിഹരിക്കുന്നതിനും പാടുകളെ പൂർണമായും ഇല്ലാതാക്കുന്നതിനും ചെറുനാരങ്ങാനീര് വളരെ നല്ലതാണ്.
തണ്ണിമത്തൻ നീര്
തണ്ണിമത്തൻ നീര് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും കരുവാളിപ്പ് മാറുന്നതിനും സഹായിക്കുന്നു.