
കണ്ണൂർ: സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് വേദി നിര്‍മാണം ചട്ടവിരുദ്ധമെന്ന് കന്റോണ്‍മെന്റ് ബോര്‍ഡ്. തീരദേശ നിയമം ലംഘിച്ചുകൊണ്ടാണ് നിർമ്മാണമെന്ന് കന്‍റോണ്‍മെന്‍റ് ബോര്‍ഡ് വ്യക്തമാക്കി. അനുമതിയില്ലാതെ നായനാർ അക്കാഡമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് ഇവർ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് നോട്ടീസ് നൽകുന്നത്. കന്റോൺമെന്റ് ആക്ടിലെ സെക്ഷൻ 248 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു മാസത്തിനകം മറുപടി നൽകണമെന്നും കന്‍റോണ്‍മെന്‍റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. നിർമാണം നിയമവിരുദ്ധമാണെന്നും പണി നിര്‍ത്തിവയ്ക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ ആദ്യം നോട്ടീസയച്ചത്.
പൊളിച്ചു മാറ്റാതിരിക്കാൻ കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് നായനാർ അക്കാദമി അധികൃതർ മറുപടി നൽകിയിരുന്നു. എന്നാൽ ഈ മറുപടിയിൽ തൃപ്തികരമല്ലെന്ന് കാണിച്ചുകൊണ്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
നിര്‍മാണം അംഗീകരിക്കാനായി നിര്‍മാണത്തുകയുടെ 20% പിഴയായി അടയ്‌ക്കേണ്ടി വരും. പാർട്ടികോണ്‍ഗ്രസിനുവേണ്ടി നായനാർ അക്കാഡമിയിൽ താൽക്കാലിക കെട്ടിടമാണ് നിർമിക്കുന്നത്. എന്നാൽ താൽക്കാലിക നിർമാണത്തിന്റെ പേരിൽ സ്ഥിര നിർമാണം നടത്തുന്നുവെന്നാണ് കന്റോണ്‍മെന്റ് ബോര്‍ഡ് ആരോപിക്കുന്നത്.
നേരത്തെ പണിമുടക്ക് ദിനത്തിൽ നായനാർ അക്കാഡമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് ഏറെ ചർച്ചയായിരുന്നു. അവിടെ തന്നെ താമസിച്ച് പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്.