missile-attack

കീവ് : യുക്രെയിനിൽ റഷ്യയുടെ കടന്നുകയറ്റം ഒരു മാസം പിന്നിടുമ്പോൾ റഷ്യയുടെ പല പദ്ധതികളും അമ്പേ പരാജയപ്പെടുകയാണ്. മൈക്കോളൈവിലെ പ്രാദേശിക ഗവർണറുടെ ഓഫീസിലേക്ക് മിസൈൽ അയച്ച റഷ്യൻ ആക്രമണവും ലക്ഷ്യം കാണാതെ പരാജയപ്പെട്ടു. ഗവർണറെ കൊല്ലാനായിരുന്നു പദ്ധതി എങ്കിലും വൈകി ഉണർന്നതിനാൽ ഗവർണർ വിറ്റാലി കിം രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഗവർണറുടെ കെട്ടിടത്തിൽ പതിച്ച മിസൈൽ ആക്രമണത്തിൽ പന്ത്രണ്ടോളം പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നഗരം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മൈക്കോളൈവിലെ ഗവർണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. കെട്ടിടത്തിന്റെ പകുതിയോളം ആക്രമണത്തിൽ തകർന്നു. കുറച്ച് ദിവസങ്ങളായി മൈക്കോളൈവിനെ നിയന്ത്രണത്തിലാക്കുവാനുള്ള റഷ്യൻ ശ്രമങ്ങൾ പരാജയപ്പെടുകയാണ്. നഗരത്തിന്റെ പ്രതിരോധം ഉറപ്പിക്കുന്നതിന്റെ മുഖ്യ ചുമതലക്കാരൻ കൂടിയാണ് ഗവർണർ വിറ്റാലി കിം. അതിനാലാണ് ഗവർണറെ റഷ്യ ഉന്നം വച്ചത്. മിസൈലാക്രമണത്താൽ ഇപ്പോൾ കെട്ടിടത്തിന് നടുവിലായി വലിയ വിള്ളൽ വീണിരിക്കുകയാണ്.