health

സ്ത്രീകളുടെ ശരീരത്തിൽ പ്രധാനമായും ഉണ്ടാകുന്ന പ്രശ്നമാണ് മൂത്രാശയ അണുബാധ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത്തരം അണുബാധകൾ രൂക്ഷമാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പ്രമുഖ ഗൈനക്കോളജിസ്റ്റായ പ്രൊഫസർ സ്റ്റെർജിയോസ് സ്റ്റെലിയോസ് ഡൗമൗച്ച്സി പറയുന്നതനുസരിച്ച് സത്രീകളുടെ ശരീരഘടനയാണ് ഇതിന് പ്രധാന കാരണം. സ്ത്രീകളിലെ മൂത്രനാളി വളരെ ചെറുതും നീളം കുറഞ്ഞതുമായതിനാൽ രോഗാണുക്കൾ പെട്ടെന്ന് ഉള്ളിലേയ്ക്ക് പ്രവേശിക്കുകയും അണുബാധയുണ്ടാകാനുള്ല സാദ്ധ്യത കൂടുകയും ചെയ്യുന്നു. കൂടാതെ ഗർഭധാരണം, പ്രസവം, ആർത്തവവിരാമം തുടങ്ങിയവയെയും ഇത് സ്വാധീനിക്കുന്നു.

എല്ലാത്തിനുമുപരി സ്ത്രീകൾ മൂത്രമൊഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അണുബാധകൾ ഉണ്ടാകുന്നത് ഒരുപരിധി വരെ തടയാൻ കഴിയും.

1. വിദഗ്ദ്ധർ പറയുന്നത് മൂത്രമൊഴിച്ച ശേഷമോ അല്ലെങ്കിൽ മലവിസർജനത്തിന് ശേഷമോ പിന്നിൽ നിന്ന് മുൻഭാഗത്തേക്ക് വൃത്തിയാക്കുന്നത് ഒഴിവാക്കണം എന്നാണ്. മലദ്വാരത്തിൽ നിന്നും യോനിയിലേയ്ക്ക് ബാക്ടീരിയകൾ പ്രവേശിക്കുന്നത് തടയാൻ ഇത് സഹായിക്കുന്നു.

2. ആവശ്യത്തിലധികം വൃത്തിയാക്കുന്നതും ചർമത്തിന് ദോഷമാണ്. വരണ്ട ചർമത്തിൽ വേഗത്തിൽ അണുബാധയുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.

3. കൃത്യമായ ഇടവേളകളിൽ മലമൂത്ര വിസർജനം നടത്താൻ ശ്രമിക്കുക. സമയക്കുറവ് കാരണം ഇവ ഒഴിവാക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് കൊണ്ടെത്തിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. യാത്രകൾ കാരണമോ ജോലിത്തിരക്കുകൾ കാരണമോ ഇക്കാര്യം ഒഴിവാക്കേണ്ടി വരുന്നവരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

4. ആവശ്യത്തിന് വെള്ളം കുടിക്കുകയും വ്യായാമം ചെയ്യുകയും വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് ശരീരത്തിലെ ബാക്ടീരിയകളെ പുറന്തള്ളാനും മറ്റ് രോഗങ്ങൾ വരുന്നത് തടയാനും സഹായിക്കുന്നു. അതിനാൽ കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

5. മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്ന മൂത്രം പൂർണമായും പുറന്തള്ളിയില്ലെങ്കിൽ അണുബാധയുണ്ടാകാനുള്ല സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽ മൂത്രമൊഴിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.