roman-hrybov

കീവ് : സർവസന്നാഹങ്ങളുമായി യുദ്ധത്തിന് വന്ന റഷ്യൻ സൈനികരുടെ മുഖത്ത് നോക്കി തെറി വിളിച്ച യുക്രെയിൻ പട്ടാളക്കാരന് ധീരതയ്ക്കുള്ള മെഡൽ. യുക്രെയിൻ അതിർത്തിയിൽ ഡ്യൂട്ടി ചെയ്തിരുന്ന റോമൻ ഹ്രിബോവ് എന്ന സൈനികനാണ് ഈ അപൂർവ ബഹുമതി ലഭിച്ചത്. റഷ്യൻ അധിനിവേശം നടക്കുമ്പോൾ സ്‌നേക്ക് ദ്വീപിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്.

റഷ്യൻ സൈനികർ ഇവിടെ എത്തിയ ശേഷം യുക്രെയിൻ സൈനികരോട് തോക്ക് വച്ച് കീഴടങ്ങാനാണ് ആവശ്യപ്പെട്ടത്. എന്നാൽ റോമൻ ഹ്രിബോവ് റഷ്യൻ സൈനികരുടെ മുഖാമുഖം നിന്ന് തിരികെ പോകൂ......... എന്ന നീളൻ തെറിയാണ് വിളിച്ചത്. സൈനികർ റഷ്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങാൻ വിസമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. റഷ്യൻ സൈന്യം തടവിലാക്കിയ ഇയാളെ അടുത്താണ് യുക്രെയിന് കൈമാറിയത്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും ധൈര്യം കാത്ത് സൂക്ഷിച്ചതിനാണ് അവാർഡ് ലഭിച്ചത്.

സ്‌നേക്ക് ഐലൻഡിൽ കാവൽ നോക്കിയിരുന്ന യുക്രെയിൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ആദ്യം കരുതിയിരുന്നത്, എന്നാൽ പിന്നീട് ഇവരെ ജീവനോടെ റഷ്യ പിടികൂടിയതായി കണ്ടെത്തി. കഴിഞ്ഞ മാസം 24നാണ് റഷ്യ യുക്രെയിനിൽ ആക്രമണം ആരംഭിച്ചത്.