
കൊളംബോ: ബംഗാൾ ഉൾക്കടൽ മേഖലയിലെ ഇന്ത്യയുടെ അയൽ രാജ്യങ്ങളോട് പ്രാദേശിക ഐക്യത്തിനും സഹകരണത്തിനും ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയെ വെർച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രദേശത്തെ രാജ്യങ്ങൾ ആരോഗ്യ സാമ്പത്തിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്നുവെന്നും, അതിനാൽ രാജ്യങ്ങൾ തമ്മിൽ ഐക്യവും സഹകരണവുമാണ് വേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യൂറോപ്പിലെ സംഭവവികാസങ്ങൾ അന്താരാഷ്ട്ര ക്രമത്തിന്റെ സ്ഥിരതയെക്കുറിച്ച് ചോദ്യം ഉയർത്തിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിനെ സമൃദ്ധിയുടെയും സുരക്ഷയുടെയും ഒരു പാലമാക്കാനുള്ള സമയമാണിത്. 1997 ൽ സ്ഥാപിച്ച ബിംസ്റ്റെകിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവേശത്തോടെ ഒന്നിച്ചു പ്രവർത്തിക്കാൻ അംഗരാജ്യങ്ങളോട് നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ഈ ഉച്ചകോടി ഒരു നാഴികക്കല്ലാണെന്നും, ഇതിന്റെ ഫലങ്ങൾ ബിംസ്‌റ്റെകിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതി ചേർക്കുന്ന ഒരദ്ധ്യായം ആയിരിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമാർ, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രാദേശിക ഗ്രൂപ്പാണ് ബിംസ്റ്റെക്. ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റിവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ ഓപ്പറേഷൻ എന്നതിന്റെ ചുരുക്കമാണ് ബിംസ്റ്റെക്. ഇതിന്റെ അഞ്ചാമത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ശ്രീലങ്കയാണ്. ബിംസ്‌റ്റെക് സെക്രട്ടേറിയേറ്റിന്റെ പ്രവർത്തന ബഡ്ജറ്റ് വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ ഒരു മില്യൺ ഡോളർ നൽകുമെന്ന് മോദി പ്രഖ്യാപിച്ചു. ബിംസ്റ്റെക് സെക്രട്ടേറിയേറ്റിന്റെ ശേഷി ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. അതിനായി ഒരു പദ്ധതി രൂപീകരിക്കണമെന്നും സെക്രട്ടറി ജനറലിനോട് അദ്ദേഹം നിർദ്ദേശിച്ചു.
ഗ്രൂപ്പിലെ അംഗങ്ങൾ അഭിമുഖീകരിക്കുന്ന കൊവിഡ് വെല്ലുവിളികളും അന്താരാഷ്ട്ര തലത്തിലെ അനിശ്ചിതത്വങ്ങളും ബിംസ്റ്റെകിന്റെ സാങ്കേതികവും സാമ്പത്തികവുമായ സഹകരണത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ഉച്ചകോടിയിൽ നേതാക്കൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയം ഇതാണന്നെും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. കൂടാതെ ഗ്രൂപ്പിന്റെ അടിസ്ഥാന ഘടനകയും സംവിധാനങ്ങളും സ്ഥാപിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു.