
തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് തിരുമൂർത്തി കുന്നുകൾ സ്ഥിതി ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്‌ണു, ശീവൻ എന്നീ ദേവതകളുടെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ശ്രീ അമരലിംഗേശ്വരർ ക്ഷേത്രത്തിനടുത്തുകൂടി കടന്ന് പോകുന്ന ഒരു അരുവിയാണ് തിരുമൂർത്തി വെള്ളച്ചാട്ടത്തിലെത്തുന്നത്. ഐതിഹ്യമനുസരിച്ച് അത്രി മഹർഷിയും അദ്ദേഹത്തിന്റെ ഭാര്യ അനസൂയയും ഈ കുന്നുകളിൽ താമസിച്ചിരുന്നുവത്രേ. ഇവരുടെ ഭക്തി പരീക്ഷിക്കാനായി ബ്രഹ്മ- വിഷ്‌ണു-മഹേശ്വരന്മാർ ഇവിടെയെത്തി.
ദൈവങ്ങൾ അനസൂയയോട് നഗ്നയായി വന്ന് നേർച്ച ദ്രവ്യങ്ങൾ നല്കാൻ ആവശ്യപ്പെട്ടു. അനസൂയ ദേവി തന്റെ ശക്തിയാൽ ദേവന്മാരെ കുഞ്ഞുങ്ങളാക്കി മാറ്റി അവർക്ക് മുലയൂട്ടി. ശേഷം ദൈവങ്ങൾ അവരെ അനുഗ്രഹിച്ച് മടങ്ങി. അതിന് ശേഷം ഈ മൂന്ന് ദൈവങ്ങളുടെ പേരിൽ തിരുമൂർത്തി കുന്നുകൾ എന്നാണ് ഇവിടം അറിയപ്പെടുന്നത്.
അതിമനോഹരമാണ് തിരുമൂർത്തി ഡാമും പരിസരപ്രദേശങ്ങളും.പശ്ചിമഘട്ടത്തിന്റെ ഭാഗമായ തിരുമൂർത്തി മലയിൽ നിന്ന് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഒഴുകിയെത്തുന്ന അരുവിൽ രൂപപ്പെട്ട വെള്ളച്ചാട്ടം ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്. പഞ്ചലിംഗം വെള്ളച്ചാട്ടം എന്നാണ് ഈ വെള്ളച്ചാട്ടത്തിന്റെ പേര്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ആനമല റേഞ്ചിലെ മറ്റു മലനിരകൾ പോലെ തന്നെ തിരുമൂർത്തി ഹിൽസും ട്രെക്കിംഗ് പ്രിയരുടെ സ്വർഗമാണ്.
മറ്റൊരു പ്രത്യേകതയെന്തെന്നാൽ, നടൻ ദിലീപിന്റെ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് തിരുമൂർത്തി ഡാമും പരിസരവും. ദിലീപിനെ സൂപ്പർതാരമാക്കി മാറ്റിയ മീശമാധവൻ, പാണ്ടിപ്പട, സദാനന്തന്റെ സമയം, വില്ലാളിവീരൻ തുടങ്ങിയ സിനിമകളുടെയെല്ലാം ഗാനരംഗങ്ങൾ ചിത്രീകരിച്ചത് തിരുമൂർത്തി ഡാമിന്റെ ചുറ്റുവട്ടത്തായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദിലീപിന്റെ ഭാഗ്യലൊക്കഷൻ എന്നുതന്നെ വിശേഷിപ്പിക്കാം തിരുമൂർത്തികുന്നുകളെ. തിരുമൂർത്തി കുന്നുകൾ സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം നവംബർ-ജൂൺ മാസങ്ങളിലാണ്.