
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു മുന്നിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ. ബിജെപി എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തിലാണ് ഡൽഹി ഐപി കോളേജിൽ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രകടനം നടത്തിയത്. പ്രകടനത്തിനിടെ കെജ്‌രിവാളിന്റെ വീടിന്റെ മുൻവശത്തെ ഗേറ്റും സുരക്ഷാ വേലികളും പ്രവർത്തകർ അടിച്ചു തകർത്തു. സിസിടിവി ക്യാമറകളും നശിപ്പിച്ചു. കഴിഞ്ഞ ആഴ്ച അദ്ദേഹം നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ കാശ്മീർ ഫയൽസ് ചിത്രത്തിനെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടന്നതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

ഡൽഹിയിൽ കാശ്മീർ ഫയൽസ് ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി ചിത്രം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യൂ എന്നാണ് കെജ്‌രിവാൾ തിരിച്ച് പരിഹസിച്ചത്. കാശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലർ കോടികൾ സമ്പാദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്നത് ഡൽഹി പൊലീസിന്റെ പൂർണ്ണ പിന്തുണയോടെയാണെന്ന് ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്ററിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വീട് ബിജെപി ആക്രമിച്ച് സുരക്ഷാ ബാരിക്കേഡുകൾ തകർത്തു. ഡൽഹി പോലീസിന്റെ പിന്തുണയോടു കൂടിയാണ് വസതിയിലെ സിസിടിവി ക്യാമറകൾ പ്രവർത്തകർ തകർത്തതെന്നും ട്വീറ്റിൽ പറയുന്നു. എല്ലാം കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം ആവശ്യപ്പെട്ടാണോ എന്നും പാർട്ടി ചോദിച്ചു.
കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത സംഭവം കളവാണെന്ന കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കെജ്‌രിവാൾ തമാശയായി കണ്ടുവെന്നും അതിനെ കളിയാക്കിയെന്നുമുള്ള ആരോപണവും നേരത്തെ ഉയർന്നിരുന്നു. എന്നാൽ താൻ ബിജെപിയെ നോക്കിയാണ് ചിരിച്ചതെന്നും കാശ്മിരി ഫയലിനെ കുറിച്ച ഓർത്തിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാശ്മിരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിനു പകരം ബിജെപി ഗിമ്മിക്കുകളിൽ മുഴുകകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.