hand
f

 ഇന്ത്യയെ ഒപ്പം കൂട്ടാൻ ആഗോള മത്സരം

 യു.എസ്, ബ്രിട്ടീഷ് ഉന്നതർ ഇന്നെത്തും

 റഷ്യൻ വിദേശകാര്യ മന്ത്രി നാളെയും

ന്യൂഡൽഹി: യുക്രെയിൻ യുദ്ധത്തിൽ പക്ഷംപിടിക്കാതെ ശക്തമായ നിലപാടെടുത്ത ഇന്ത്യയെ ഒപ്പം കൂട്ടാൻ വൻശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നിവർക്കു പുറമേ യൂറോപ്യൻ യൂണിയനും തിരക്കിട്ട് ശ്രമിക്കുന്നത് ആഗോള രാഷ്‌ട്രീയ,​ നയതന്ത്ര ശക്തിയായി ഇന്ത്യ മാറുന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

10 ദിവസമായി ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒഴുക്കാണ്. ലോകക്രമത്തിലും ശാക്തിക ചേരികളിലും ഇന്ത്യ നിർണായക സ്ഥാനത്തേക്ക് ഉയരുകയാണ്.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ 'രഹസ്യ' വരവിനുപിന്നാലെ അമേരിക്കൻ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ദലീപ് സിംഗ് ഇന്നും, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നാളെയും എത്തുന്നുണ്ട്. റഷ്യയ്‌ക്കെതിരെയുള്ള അമേരിക്കൻ ഉപരോധത്തിന്റെ സൂത്രധാരനായ ദലീപ് സിംഗ് ഇന്ത്യൻ ഉദ്യോഗസ്ഥരുമായും ലാവ്‌റോവ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ചർച്ച നടത്തും.

ഇന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും ഡൽഹിയിലെത്തും. ഉദ്യോഗസ്ഥരെ കാണുന്ന അവർ ജയശങ്കറിനൊപ്പം ഒരു സമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്.

ഒരാഴ്ച മുമ്പ് അമേരിക്കയുടെ രാഷ്‌ട്രീയകാര്യ അണ്ടർ സെക്രട്ടറി വിക്ടോറിയ ന്യൂസിലാൻഡ് യുക്രെയിൻ പ്രതിസന്ധി ചർച്ചചെയ്യാൻ എത്തിയിരുന്നു. അതിന്റെ തുടർച്ചയായി അടുത്തമാസം വാഷിംഗ്ടണിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ച ( 2+2)​ നടക്കും.

തിങ്കളാഴ്ച യൂറോപ്യൻ യൂണിയന്റെ പ്രത്യേക പ്രതിനിധി ഗബ്രിയേലെ വിസെന്റിൻ ഇന്ത്യൻ വിദേശകാര്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഐക്യരാഷ്‌ട്രസഭയിൽ യുക്രെയിൻ പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. നിലപാട് മാറ്റണമെന്നാണ് ആവശ്യം.

ജർമ്മൻ ചാൻസലറുടെ സുരക്ഷാ,​ വിദേശനയ ഉപദേഷ്‌ടാവ് ജെൻസ് പ്ലോട്ട്നറും ഇന്ത്യയിൽ എത്തി. അദ്ദേഹവുമായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ചർച്ച നടത്തി. യുക്രെയിൻ വിഷയത്തിൽ ഇന്ത്യയെ ഉപദേശിക്കാനില്ലെന്ന് പ്ലോട്ട്നർ പിന്നീട് പറഞ്ഞു.

ഇന്ത്യയെ വേണം, അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും

 ഇന്ത്യയുടെ തീരുമാനങ്ങൾ ലോകക്രമം നിശ്ചയിക്കുന്നതിൽ നിർണായകം

 റഷ്യയും അമേരിക്കയും ലക്ഷ്യമിടുന്നത് ഇന്ത്യയെ ഒപ്പം കൂട്ടൽ

 ഇരു രാജ്യങ്ങൾക്കും ഇന്ത്യയുമായി ശക്തമായ സാമ്പത്തിക - വ്യാപാര ബന്ധം

 ഇന്ത്യ ഒപ്പമുണ്ടെങ്കിൽ നേട്ടമാകുമെന്ന് റഷ്യൻ - അമേരിക്കൻ ചേരികൾ

 ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ഇന്ത്യ നിഷ്‌പക്ഷ നിലപാട് തുടരും

 അമേരിക്കൻ - റഷ്യൻ സഖ്യരാജ്യങ്ങളോടും ഇന്ത്യയ്‌ക്ക് തുല്യ ബന്ധം

 അതിർത്തിയിലെ ചൈന, പാക് സാന്നിദ്ധ്യം തടയാൻ റഷ്യൻസഹായം അനിവാര്യം

 ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളിൽ 65 % റഷ്യയിൽ നിന്ന്

സി.എ. ജോസുകുട്ടി

( വിദേശകാര്യ നിരീക്ഷകൻ)