halal-

ബംഗളൂരു : ഹിജാബ് വിവാദത്തിന് പിന്നാലെ ഹിന്ദു ആരാധനാലയത്തിന് സമീപം മുസ്ലീം വ്യാപാരികളെ അനുവദിക്കരുതെന്ന വിവാദം കർണാടകത്തിൽ കത്തിപ്പടരുകയാണ്. ഇതിന് പിന്നാലെ ഹലാൽ ഭക്ഷണം വീണ്ടും ചർച്ചകളിൽ കൊണ്ടു വരികയാണ് ബി ജെ പി. ഹലാൽ വിഭവങ്ങൾ ബഹിഷ്‌കരിക്കണമെന്നും, അതിന് പിന്നിൽ 'സാമ്പത്തിക ജിഹാദ്' ആണെന്നും ബി ജെ പി നേതാവ് നതാവ് സി ടി രവി ആരോപിച്ചു. ഉൽപന്നങ്ങൾ മുസ്ലീങ്ങളിൽ നിന്ന് മാത്രം വാങ്ങണമെന്നും മറ്റുള്ളവരിൽ നിന്ന് വാങ്ങരുതെന്നും ആസൂത്രിതമായ രീതിയിലാണ് ഹലാൽ രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹലാൽ ഒരു സാമ്പത്തിക ജിഹാദാണ്. മുസ്ലീങ്ങൾ മറ്റുള്ളവരുമായി കച്ചവടം നടത്താതിരിക്കാൻ ജിഹാദ് പോലെയാണ് ഇത് ഉപയോഗിക്കുന്നത്. ഹലാൽ മാംസം ഉപയോഗിക്കണമെന്ന് മുസ്ലീങ്ങൾ ചിന്തിക്കുമ്പോൾ, അത് ഉപയോഗിക്കരുത് എന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും, മുസ്ലിങ്ങൾ ഹിന്ദുക്കളിൽ നിന്ന് മാംസം വാങ്ങാൻ വിസമ്മതിക്കുമ്പോൾ, അവരിൽ നിന്ന് വാങ്ങാൻ നിങ്ങൾ എന്തിനാണ് ഹിന്ദുക്കളോട് നിർബന്ധിക്കുന്നതെന്നും ബി ജെ പി നേതാവ് ചോദിച്ചു.

എന്നാൽ കർണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി ജെ പി ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നതെന്ന് ജെഡി (എസ്) നേതാവ് എച്ച്ഡി കുമാരസ്വാമി ആരോപിച്ചു. ഒരു സമുദായത്തെ മാത്രമല്ല സംസ്ഥാനത്തെ 6.5 കോടി ജനങ്ങളെയും സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് ബിജെപി ഇത്തരം നിരോധനങ്ങൾ ആവശ്യപ്പെടുന്നത്. അടുത്ത വർഷം ഏപ്രിൽമെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. കർണാടകയെ നശിപ്പിക്കരുതെന്ന് ഞാൻ കൂപ്പുകൈകളോടെ ആവശ്യപ്പെടുന്നു, കുമാരസ്വാമി പറഞ്ഞു.

അതേസമയം കർണാടകയിലെ 61 'പുരോഗമന ചിന്താഗതിക്കാരായ' കെ.മരലുസിദ്ദപ്പ, പ്രൊഫ.എസ്.ജി.സിദ്ധരാമയ്യ, ബോൾവാർ മഹമദ് കുഞ്ഞി, ഡോ.വിജയ എന്നിവർ മതവിദ്വേഷം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. സമാധാനത്തിന്റെ പൂന്തോട്ടമായ ഈ നാട്ടിൽ ബോധപൂർവം മതവിദ്വേഷം വളർത്തുന്നത് നാണംകെട്ട പ്രവൃത്തിയാണെന്ന് അവർ കത്തിൽ പറഞ്ഞു.