
ചെന്നൈ : ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഇപ്പോൾ കഷ്ടകാലമാണ്. രാജ്യത്ത് നാല് ദിവസത്തിനിടെ നാല് ഇടത്താണ് ഇലക്ട്രിക് വാഹനങ്ങൾ കത്തി നശിച്ചത്. ഇന്ന് ചെന്നൈയിലാണ് ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചത്. ഹൈദരാബാദിലെ സ്റ്റാർട്ടപ്പ് കമ്പനിയായ പ്യുവർ ഇവി നിർമ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറാണ് കത്തി നശിച്ചത്. വടക്കൻ ചെന്നൈയിലെ ജനവാസ മേഖലയായ മഞ്ഞമ്പാക്കത്തെ മാത്തൂർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.
ടോൾപ്ലാസയ്ക്ക് സമീപം സ്‌കൂട്ടർ കത്തി നശിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ റോഡരികിൽ പാർക്ക് ചെയ്ത ചുവന്ന നിറത്തിലുള്ള സ്കൂട്ടർ കത്തുന്നത് കാണാം. നാല് ദിവസത്തിനിടെ ഇത് നാലാമത്തെ സംഭവമാണ്.
മാർച്ച് 28 ന്, പൂനെയിൽ ഒലയുടെ എസ് 1 ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു നശിച്ചിരുന്നു. ഇവിടെയും പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് കത്തിയത്. സംഭവത്തിൽ കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒകിനാവ ഓട്ടോടെക്കിന്റെ സ്‌കൂട്ടറും അടുത്തിടെ തീ പിടിച്ചിരുന്നു.
അതേസയമം തമിഴ്നാട്ടിലെ വെല്ലൂരിൽ പുതിയതായി വാങ്ങിയ് സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചിരുന്നു. പുതിയ ബൈക്ക് രാത്രി ചാർജ് ചെയ്യാനിട്ട ശേഷം ഉറങ്ങുകയായിരുന്ന വെല്ലൂർ സ്വദേശി ദുരൈവർമ്മ(49) മകളായ മോഹനപ്രീതി(13) എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറിയെ തുടർന്നുളള പുക ശ്വസിച്ചാണ് ഇരുവരും തൽക്ഷണം മരിച്ചത്.