road

കലവൂർ: റോഡുകളിൽ കുണ്ടും കുഴികളും നിറഞ്ഞ് അപകടങ്ങൾ പതിവാകുമ്പോൾ തകൃതിയായി ടാറിടൽ നടക്കാറുണ്ട്. എന്നാൽ പലപ്പോഴും ടാറിടൽ നടക്കുക പേരിന് മാത്രമാകും. ആലപ്പുഴയിൽ കഴിഞ്ഞദിവസം ടാർ ചെയ്ത റോഡ് ഒരൊറ്റ മഴയിൽ പൊളിഞ്ഞിരിയ്ക്കുകയാണ്.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടികാട് പള്ളിക്ക് സമീപത്തു നിന്ന് ബീച്ചിലേക്കുള്ള റോഡാണ് ഇപ്പോൾ ദുരവസ്ഥയിലായിരിയ്ക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ടാർ ചെയ്തത്. മഴയത്ത് ടാർ ഒലിച്ച് പോയതോടെ കരാറുകാരന്റെ ഫണ്ട് ജില്ലാ പഞ്ചായത്ത് തടഞ്ഞു.

നാട്ടുകാരെല്ലാം ചേർന്ന് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പ്രദേശത്ത് സന്ദർശനം നടത്തി. റോഡ് നിർമാണത്തിൽ ക്രമക്കേടുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രം കരാറുകാരന് പണം നൽകിയാൽ മതിയെന്ന് ഇവർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഴയത്ത് റോഡിന്റെ വശങ്ങളിലെ ടാർ പാളികളായി അടർന്നു പോവുകയായിരുന്നു. പല ഭാഗത്തും ചെറിയ തോതിൽ മാത്രമാണ് ടാറിംഗ് നടത്തിയിരിക്കുന്നത്.