
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കുടുംബവുമായി ബന്ധപ്പെട്ട മോശം വിവരങ്ങൾ പുറത്തുവിടണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ആവശ്യപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. റഷ്യയിൽ ബൈഡനുള്ള വാണിജ്യ ഇടപാടുകൾ പുറത്തുവിടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും പുറത്തുവിടാൻ ട്രംപ് തയാറായില്ല.
തന്റെ ചോദ്യത്തിനുള്ള ഉത്തരം പുട്ടിന് അറിയാമെന്ന് കരുതുന്നു. അദ്ദേഹം അത് പുറത്തുവിടുമെന്നാണ് താൻ കരുതുന്നത്. ബൈഡന്റെ മകൻ ഹണ്ടർ ബൈഡന് യുക്രെയിൻ, ചൈന ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇടപാടുകളുണ്ട്. ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് പല രാജ്യങ്ങളിലും വൻ തുകകൾ ഹണ്ടർ മുടക്കിയത്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, ഹണ്ടർ ആരോപണങ്ങൾ നിഷേധിച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ അക്കാര്യം തെളിയുമെന്നും അദ്ദേഹം പറഞ്ഞു.