
സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മെയ്‌വഴക്കവും അഭ്യാസവുമൊക്കെ ഏറെ പ്രശസ്തമാണ്. മകൻ പ്രണവും അച്ഛനെപ്പോലെ തന്നെ അഭ്യാസങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ്. പലപ്പോഴും ഫ്ലെക്‌സിബിലിറ്റിയുടെ കാര്യത്തിൽ മകൻ അച്ഛന് മുകളിലെത്താറുമുണ്ട്. ഇപ്പോഴിതാ ഇരുവരെയും വെല്ലുവിളിച്ച് എത്തിയിരിയ്ക്കുകയാണ് കുടുംബത്തിലെ തന്നെ മറ്റൊരാൾ.
കുങ്ഫു മുറകൾ അഭ്യസിക്കുന്ന വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. തായ്‌ലന്‍ഡിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ള വിഡിയോയും ചിത്രങ്ങളുമാണ് താരപുത്രി പങ്കുവച്ചിരിക്കുന്നത്. ഒരു മൃഗശാലയിൽ നിന്നുള്ള ചിത്രങ്ങളും വിസ്മയ പോസ്റ്റിനൊപ്പം പങ്ക് വച്ചിട്ടുണ്ട്.
കുറച്ച് ആഴ്‌ചകൾ മാത്രം താമസിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്, പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാൻ തുടങ്ങി, പൈയുമായി പ്രണയത്തിലായിയെന്ന് ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച പോസ്റ്റിൽ വിസ്മയ കുറിച്ചു.
മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമായിരുന്നു ഞാൻ ഉണർന്നിരുന്നതെന്നും വിസ്മയ പറയുന്നു. ഇൻസ്ട്രക്ടർമാർ വളരെ ക്ഷമയോടെ പഠിപ്പിച്ചു എന്നും മാസ്റ്റർ എയിനും അദ്ദേഹത്തിന്റെ ടീമിനും നന്ദിയെന്നും വിസ്മയ കുറിച്ചു.