
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ സായി ശങ്കറിന്റെ സുഹൃത്തിനെ ചോദ്യം ചെയ്‌ത് അന്വേഷണ സംഘം. ദിലീപിന്റെ ഫോണിലെ രേഖകൾ നശിപ്പിച്ചതെന്ന് കരുതുന്ന സായി ശങ്കറിന്റെ സുഹൃത്തായ കോഴിക്കോട് സ്വദേശി അഖിലിനെയാണ് ചോദ്യം ചെയ്യുന്നത്.
തെളിവുകൾ നശിപ്പിച്ച സായി ശങ്കറിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാളെക്കുറിച്ച് വിവരങ്ങളറിയുന്നയാളാണ് അഖിൽ എന്നതുകൊണ്ടാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചോദ്യം ചെയ്യലിൽ ചാറ്റ് വിവരങ്ങൾ ഡിലീറ്റ് ചെയ്‌തത് താനാണെന്ന് ദിലീപ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. അതേസമയം ദിലീപിനെതിരായ വധഗൂഢാലോചന കേസിന്റെ നിലനിൽപിൽ ഹൈക്കോടതി സംശയം ഉന്നയിച്ചു. വെറുതെ പറയുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്നാണ് കോടതി ചോദിച്ചത്. എന്നാൽ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസിനെതിരെ ദിലീപ് ക്വട്ടേഷൻ നൽകിയെന്നും വിവരമുണ്ട്. ഇതിന്റെ തെളിവുകൾ പുറത്തുവന്നു. ബൈജു പൗലോസിന്റെ കാർ അപായപ്പെടുത്താൻ ഡ്രൈവർ അപ്പുണ്ണി ക്വട്ടേഷൻ സംഘത്തിന് വാഹനനമ്പർ നൽകി. ശരത്താണ് ക്വട്ടേഷൻ ഏകോപിപ്പിച്ചത്. കൃത്രിമ അപകടമുണ്ടാക്കി 2017 നവംബർ 15ന് അപകടപ്പെടുത്താനായിരുന്നു പദ്ധതി.
കേസിൽ ശരത്തിനെയും സൂരജിനെയും ദിലീപിനൊപ്പമിരുത്തി ചോദ്യം ചെയ്യൻ നീക്കമുണ്ട്. കാവ്യാ മാധവനെയും ചോദ്യം ചെയ്‌തേക്കും. അതേസമയം തന്റെ കുടുംബത്തെ കൂട്ടത്തോടെ പ്രതിയാക്കാൻ ശ്രമിക്കുന്നതായാണ് ദിലീപ് അറിയിച്ചത്. പ്രായമായ അമ്മയുടെ മുറിയിൽ വരെ അന്വേഷണസംഘം കയറിയിറങ്ങിയെന്നും ദിലീപ് കോടതിയിൽ വാദിച്ചിരുന്നു.