kk

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധനവ് ഉടൻ പ്രാബല്യത്തിൽ വരും. മിനിമം പത്ത് രൂപയാക്കാനാണ് തീരുമാനം. ബസ് ചാർജ് വർദ്ധനയ‌്ക്ക് എൽ.ഡി.എഫ് അംഗീകാരം നൽകിയിരുന്നു. 12 രൂപ മിനിമം വേണമെന്നുള്ള സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം മുന്നണി തള്ളി. അതേസമയം ഇപ്പോഴത്തെ യാത്രാ നിരക്ക് വർദ്ധനവ് സ്വീകാര്യമല്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വര്‍ദ്ധനവ് സ്വകാര്യ ബസുകള്‍ക്ക് യാതൊരു ഗുണവുമുണ്ടാക്കില്ല. രണ്ട് രൂപ മാത്രം മിനിമം ചാര്‍ജില്‍ വര്‍ദ്ധനയുമായി ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ വർഷങ്ങൾക്ക് മുമ്പ് നൽകിയതാണെന്നും അതിന് ശേഷം പല തവണ ഇന്ധനവില കൂട്ടിയെന്നും ബസ്ഉടമകൾ പറഞ്ഞു. തുടർ നിലപാട് ഉടൻ യോഗം ചേർന്ന് സ്വീകരിക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു

ബസ് ചാര്‍ജ് മിനിമം 12 രൂപയാക്കി ഉയര്‍ത്തണമെന്ന ബസുടമകളുടെ ആവശ്യം തളളിയാണ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓട്ടോ, ടാക്‌സി ചാര്‍ജും വര്‍ധിപ്പിക്കാനാണ് തീരുമാനമുണ്ട്. വിദ്യാര്‍ത്ഥികളുടെ നിരക്ക് തീരുമാനിക്കാന്‍ കമ്മിഷനെ നിയോഗിക്കും. ചാര്‍ജ് വര്‍ദ്ധന കെ.എസ്.ആര്‍.ടി.സിക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി