woman

ബീജിംഗ്: വിവാഹം കഴിക്കാമെന്ന പേരിൽ ഒരേ സമയം ആറ് പുരുഷന്മാരെ വഞ്ചിച്ച് യുവതി. ചൈനയിലാണ് സംഭവം. 42 കാരിയായ മാവോ എന്ന് വിളിപ്പേരുള‌ള സ്‌ത്രീയാണ് ആറ് പേരെ പറ്റിച്ചത്. മദ്ധ്യവയസ്‌കരായവരായിരുന്നു മാവോയുടെ ഇരകൾ ആറുപേരും. ഇവരിൽ നിന്ന് വിലപിടിപ്പുള‌ള സമ്മാനങ്ങളും മൊബൈൽ ഫോണുകളും പണവും വിലകൂടിയ വസ്‌ത്രങ്ങളും വരെ മാവോ സ്വന്തമാക്കി. പുരുഷന്മാരെ പറഞ്ഞുമയക്കിയാണ് ഓരോ സമ്മാനവും ഇവർ നേടിയെടുത്തത്.


അതിസുന്ദരിയായ മാവോ ഡേറ്റിംഗ് സൈറ്റുകൾ വഴിയാണ് ഇവരെ പരിചയപ്പെട്ടത്. 2021ൽ ജൂലായ് മുതൽ ഡിസംബർ വരെ ആറ് മാസം കൊണ്ടാണ് ആറുപേരെ മാവോ വഞ്ചിച്ചത്. ഇതിനിടെ യു എന്ന പുരുഷന് മാവോയെക്കുറിച്ച് സംശയം തോന്നി. വിവാഹമോചിതയാണെന്നും മക്കളില്ലെന്നും സൂചിപ്പിച്ചാണ് ഇവർ യുവിനെ പരിചയപ്പെട്ടത്. വിവാഹത്തെക്കുറിച്ച് പറയാറുണ്ടായിരുന്നെങ്കിലും കുടുംബത്തെ കാണണം എന്ന് യു ആവശ്യപ്പെടുമ്പോഴെല്ലാം മാവോ ഒഴിഞ്ഞുമാറിയതോടെയാണ് യുവിന്റെ സംശയം ഇരട്ടിച്ചത്.

തുടർന്ന് താൻ വാങ്ങി നൽകിയ സമ്മാനങ്ങളുടെ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ പിണങ്ങി. യു പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാവോ പിടിക്കപ്പെട്ടത്. ആറ് പുരുഷന്മാരിൽ നിന്നായി 23,500 ഡോളർ വിലവരുന്ന സമ്മാനങ്ങൾ മാവോ തട്ടിയെടുത്തെന്ന് പൊലീസ് കണ്ടെത്തി. മദ്ധ്യവയസ്‌കരായ പുരുഷന്മാരെ വൈകാരികമായി മുതലെടുത്ത് ചൂഷണം ചെയ്യുകയായിരുന്നു മാവോയുടെ ലക്ഷ്യം. ഇവരെ അറസ്‌റ്റ് ചെയ്‌ത പൊലീസ് ക്രിമിനൽ കുറ്റങ്ങൾ ഇവർക്കുമേൽ ചുമത്തി.