
തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എൻഎസ്എസ്. ജനങ്ങളെ വിശ്വാസത്തിൽ എടുക്കുക എന്നത് സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് എൻഎസ്എസ് പറഞ്ഞു. ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ദീർഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമ കരമാകില്ലെന്നും എൻഎസ്എസ് വിമർശിച്ചു.
സില്‍വര്‍ ലൈന്‍ പോലുള്ള വികസനപദ്ധതികള്‍ നടപ്പാക്കരുതെന്ന് അഭിപ്രായമില്ലെന്നും എന്നാല്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ പലതും നിലനില്‍ക്കുന്നതല്ലെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിന്റെ സുസ്ഥിരവികസനവും ഭാവിയിലേക്കുള്ള സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതികവികാസവും ലക്ഷ്യംവച്ചുകൊണ്ടാണ് 'സില്‍വര്‍ലൈന്‍' അതിവേഗറെയില്‍പാത തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിര്‍മ്മിക്കാന്‍ കേരളസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായുള്ള പ്രളയവും കോവിഡിന്റെ പലതരം വ്യാപനവും അതിനെ തുടര്‍ന്ന് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഉണ്ടായിട്ടുള്ള സാമ്പത്തികാഘാതവും കണക്കിലെടുക്കുമ്പോള്‍ ഏതുതരം പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടത് എന്ന് ഈ അവസരത്തില്‍ ചിന്തിക്കേണ്ടതാണ് , കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും അധിവാസമാതൃകയും ഒക്കെ പരിഗണിക്കുമ്പോള്‍ ഭാവിയില്‍ വന്‍കിടവ്യവസായങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിക്കുമെന്നും അവയെ തമ്മില്‍ സില്‍വര്‍ലൈന്‍ ബന്ധിപ്പിക്കുമെന്നും മറ്റുമുള്ള വാദഗതികളും നിലനില്‍ക്കണമെന്നില്ല,
.സില്‍വര്‍ലൈന്‍ പദ്ധതിക്ക് മൊത്തം അറുപത്തിനാലായിരം കോടി രൂപയാണ് ചെലവാകുന്നതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, നീതിആയോഗിന്റെ കണക്കുപ്രകാരം ഏകദേശം ഒന്നേകാല്‍ലക്ഷം കോടി രൂപ വേണ്ടിവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തിന്റെ കടബാധ്യത സമ്പദ്‌വ്യവസ്ഥയ്ക്കു താങ്ങാവുന്നതിനപ്പുറം ഗണ്യമായി വര്‍ദ്ധിക്കുകയും സര്‍ക്കാര്‍ കടക്കെണിയില്‍ ആണ്ടുപോകാനുള്ള സാദ്ധ്യതയുമില്ലേയെന്നും പ്രസ്താവനയിൽ ചോദിക്കുന്നു, സാമ്പത്തികഭദ്രത ഇല്ലാതെയും സാംസ്‌കാരിക-സാമൂഹികദീര്‍ഘവീക്ഷണം ഇല്ലാതെയും സാമ്പത്തികപുരോഗതി മാത്രം ലാക്കാക്കിയുള്ള വികസനം ജനക്ഷേമകരമാവില്ല. നമ്മുടെ ഭൂപ്രകൃതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹ്യജീവിതത്തിനും സാമ്പത്തികഭദ്രതയ്ക്കും ഉതകുന്നതാവണം
ഭാവിവികസനപ്രവര്‍ത്തനങ്ങള്‍. വലിയ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ഒരുവിഭാഗം ജനങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകും എന്നത് വസ്തുതയാണ്. ഈ പദ്ധതിയുടെ പേരില്‍ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു വയ്ക്കരുത്. ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതോടൊപ്പംതന്നെ അതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നുവരുന്ന ഭയാശങ്കകള്‍ ദൂരീകരിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നത് ഒരു സര്‍ക്കാരിന്റെ ധാര്‍മ്മികഉത്തരവാദിത്തമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.