crime

മലപ്പുറം: ഇരുചക്ര വാഹനത്തിലെത്തിയവരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭാ കൗൺസിലർ മരിച്ചു. മലപ്പുറം മഞ്ചേരി നഗരസഭയിലെ 16ാം വാർഡ് കൗൺസിലറും മുസ്ളീം ലീഗ് നേതാവുമായ തലാപ്പിൽ അബ്ദുൾ ജലീൽ(52) ആണ് മരിച്ചത്. വെട്ടേറ്റ് ചികിത്സയിൽ തുടരവെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് ആറോടെയാണ് അന്ത്യം. മാർച്ച് 29ന് രാത്രി 10ഓടെയാണ് ജലീലിനെതിരെ ആക്രമണമുണ്ടായത്.


ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്ന ജലീലിനെ പിന്നാലെയെത്തിയ സംഘം ആക്രമിച്ച് തലയ്‌ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചു. മുൻപ് ജലീലുമായി പാർക്കിംഗിന്റെ പേരിൽ ഒരു സംഘം തർക്കിച്ചിരുന്നതായി സൂചനയുണ്ട്. ഇക്കാര്യങ്ങളിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മഞ്ചേരി പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് യാത്രികരായ രണ്ടുപേർക്കെതിരെ വിശദമായ അന്വേഷണം നടക്കുകയാണ്.