
കാസർകോട്: ഗർഭിണിയായ ആടിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. രണ്ടുപേർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. തമിഴ്നാട് സ്വദേശി സെന്തിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ഒരു ഹോട്ടലിൽ വളർത്തിയിരുന്ന ആടിനാണ് ദാരുണമായ അന്ത്യമുണ്ടായത്. നാല് മാസം ഗർഭിണിയായിരുന്ന ആടിനെ സെന്തിലടക്കം മൂന്ന് പേർ ചേർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരനാണ് സെന്തിൽ. ഇന്നലെ പുലർച്ചെ ഒന്നരയോടെ ഹോട്ടലിന് പിന്നിൽ നിന്നും ആടിൻ്റെ കരച്ചിൽ കേട്ട മറ്റു തൊഴിലാളികൾ അന്വേഷിച്ചു വന്നപ്പോൾ ആണ് സെന്തിലും മറ്റു രണ്ടു പേരും ചേർന്ന് ആടിനെ പീഡിപ്പിക്കുന്നത് കണ്ടത്. ജീവനക്കാരെ കണ്ടു മറ്റു രണ്ടു പേർ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടെങ്കിലും സെന്തിലിനെ മറ്റു ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ഓടിപ്പോയ രണ്ട് പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.