gadkari

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ച് കയറുകയാണ്. സാധാരണക്കാരന് താങ്ങാവുന്നതിലുമപ്പുറമാണ് ഇപ്പോൾ പെട്രോൾ-ഡീസൽ വില. ഈ സാഹചര്യത്തിൽ പുതിയ പരീക്ഷണ വാഹനത്തിൽ സഭയിലെത്തിയിരിക്കുകയാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. ഹൈഡ്രജൻ ഇന്ധനമായ പരീക്ഷണ കാറിലാണ് പൈലറ്റ് പ്രോജക്‌ടിന്റെ ഭാഗമായി മന്ത്രി എത്തിയത്. പുനരുപയോഗിക്കാവുന്ന ഹരിത ഇന്ധന ഉപയോഗത്തെക്കുറിച്ച് മുൻപും മന്ത്രി സഭയിൽ സംസാരിച്ചിട്ടുണ്ട്.

ഫുൾടാങ്ക് അടിച്ചാൽ 600 കിലോമീ‌റ്റർ ദൂരം പോകാനാകുമെന്നതാണ് കാറിന്റെ പ്രത്യേകത. കിലോമീറ്ററിന് ചിലവ് വരിക വെറും രണ്ട് രൂപ മാത്രമാണ്. വെറും അഞ്ച് മിനുട്ട് കൊണ്ട് ഫുൾടാങ്കടിക്കാനും സാധിക്കും. ഹൈഡ്രജൻ അധിഷ്‌ഠിത ഫ്യുവൽ സെൽ ഇലക്‌ട്രിക് വെഹിക്കിളായ ടൊയോട്ടയുടെ മിറായ് കാറിലാണ് ഗ‌ഡ്‌കരി എത്തിയത്. താൻ ഹൈഡ്രജൻ കാർ ഉപയോഗിക്കുമെന്ന് മുൻപ് മന്ത്രി ജനുവരി മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. ഗ്രീൻ ഫ്യുവൽ സാങ്കേതിക വിദ്യയുപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകൾ ഇലക്‌ട്രിക് കാറുകളുടെ വിലക്കുറവിന് കാരണമാകുമെന്ന് ഗ‌ഡ്‌കരി അറിയിച്ചിരുന്നു.

നിലവിൽ പെട്രോളിന് തിരുവനന്തപുരത്ത് 112 രൂപയാണ് വില. മുംബയിൽ 115.88 രൂപയും ഡീസലിന് 100.10 രൂപയുമാണ്. വാറ്റ് നികുതിക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിലയിൽ വൈവിദ്ധ്യം വീണ്ടുമുണ്ടാകും. നാല് മാസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് മാർച്ച് 22ഓടെ പെട്രോൾ-ഡീസൽ വിലയിൽ വർദ്ധനയുണ്ടായത് ആറ് രൂപയുടെ അടുത്താണ് കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ വില വർദ്ധിച്ചത്.