ഗ്ളാമർ സിനിമ  ഇനി ചെയ്യില്ല. മനസ് തുറന്ന്  പഴയകാല സംവിധായകൻകെ.എസ്. ഗോപാലകൃഷ്ണൻ

കൃഷ്ണശർമ്മ ഗോപാലകൃഷ്ണൻ എന്ന പേര് പറഞ്ഞാൽ ആളുകൾ പരിചിതമല്ലാത്ത ഭാവത്തിൽ നോക്കും. കെ.എസ്.ജി എന്നു പറഞ്ഞാൽ തുറിച്ചുനോട്ടമായി മാറും. എന്നാൽ കെ.എസ്. ഗോപാലകൃഷ്ണൻ എന്നു കേട്ടാൽ എൺപതുകളിലെയും തൊണ്ണൂറുകളിലെയും കേരളത്തിലെ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ രതിഭാവ ചിത്രങ്ങളുടെ പേരുകൾ ഒാരോന്നായി തെളിയാൻ തുടങ്ങും. മലയത്തിപ്പെണ്ണ്, ഗറില്ല, റെയ്ഞ്ചർ, ക്രൈംബ്രാഞ്ച്, ചാരവലയം, രാജവെമ്പാല, നിഷേധി, കിരാതം, കരാട്ടെ ഗേൾ നിര നീളും. സിനിമ കറുപ്പിലും വെളുപ്പിലും ഒാടുന്ന കാലം മുതൽ കെ.എസ്. ഗോപാലകൃഷ്ണൻ വെള്ളിത്തിരയിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. ആ ജീവിതകഥ ആരംഭിക്കുന്നത് അന്ന് മലയാളസിനിമയുടെ ഇൗറ്റില്ലമായ മെരിലാൻഡ് സ്റ്റുഡിയോയിൽനിന്നാണെന്ന് കൂടി അറിയുക. അപ്പോൾ ഗോപാലകൃഷ്ണൻ രണ്ടാം ക്ളാസിൽ പഠിക്കുന്നു.
അനുഗ്രഹീതനടൻ സത്യന്റെ അരങ്ങേറ്റ ചിത്രമായ ആത്മസഖിയിൽ അടൂർ പങ്കജത്തിന്റെ മകന്റെ വേഷം അവതരിപ്പിച്ചാണ് ചലച്ചിത്രപ്രവേശം. പി. സുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലെ മെരിലാന്റ് സ്റ്റുഡിയോ നിർമ്മിച്ച പത്ത് സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ശേഷം കാമറയുടെ പിന്നിൽ. വെള്ളിത്തിരയിലെ യാത്ര ഏഴുപതിറ്റാണ്ട് അടുക്കുന്നു.ചെന്നൈ ജീവിതം അരനൂറ്റാണ്ടും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഒറിയ, ഹിന്ദി, കൊങ്കണി ഭാഷകളിൽ 156 ചിത്രങ്ങളിൽ കൈയൊപ്പ് പതിപ്പിച്ചു. 23 സിനിമകൾ നിർമിച്ചു. ആൾവാർ തിരുനഗറിലെ ഫ്ളാറ്റിൽ ഏഴുപത്തിയേഴാം വയസിൽ പുതിയ സിനിമയുടെ ജോലിയിൽ മുഴുകി കെ. എസ്. ഗോപാലകൃഷ്ണൻ . അടുത്ത ചിത്രം മലയാളത്തിലാണെന്ന് മാത്രം.പതിനഞ്ചുവർഷത്തിനുശേഷം സംവിധാനം ചെയ്യുന്ന മലയാളചിത്രം.
അഭിനയമോഹം തലയ്ക്ക് പിടിച്ച ആള് കാമറയുടെ പിന്നിലേക്ക് പോയി ?
സുബ്രഹ്മണ്യം മുതലാളിയുടെ സിനിമകളുടെ എല്ലാ ജോലിയിലും മുഴുകുമായിരുന്നു. ഞാനായിരുന്നു തിയേറ്റർ നോട്ടീസ് സ്ഥിരമായി എഴുതിയിരുന്നത്. എഡിറ്രിംഗ് ജോലിയിലായിരുന്നു ഏറെ താത്പര്യം . അപ്പോൾ കാമറയുടെ പിന്നിൽ പ്രവർത്തിക്കാൻ ആഗ്രഹം തോന്നി.തിരുവനന്തപുരം എംജി കോളേജിൽ ബിരുദം പഠനം കഴിഞ്ഞതോടെ എം.ജി. ആറും പത്മിനിയും അഭിനയിച്ച രാജരാജം സിനിമയിൽ സംവിധായകൻ ടി.വി. സുന്ദറിന്റെ ശിഷ്യനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു.അച്ഛൻ കൃഷ്ണശർമ്മയുടെ നാട് നാഗർകോവിലായതിനാൽ തമിഴ് നന്നായി അറിയാം.
തിരുവിതാംകൂർ കൊട്ടാരത്തിൽ കണക്കപ്പിള്ളയായിരുന്നു അച്ഛൻ. അമ്മ ലക്ഷമിപ്പിള്ള തങ്കച്ചിയുടെ നാടായ വെങ്ങാനൂരിലാണ് പി. സുബ്രഹ്മണ്യൻ മുതലാളിയുടെ ഡ്രൈവറായ താണുപിള്ളയുടെ വീട്. അങ്ങനെയാണ് മെരിലാൻന്റിൽ എത്തുന്നത്.സ്കൂളിൽ ക്ളാസില്ലാത്ത സമയത്ത് മെരിലാന്റ് സ്റ്റുഡിയോയിൽ പോവുമായിരുന്നു. കന്നടയിലെ പ്രമുഖ സംവിധായകൻ എസ്.ആർ| പുട്ടണ്ണയുടെ ശിഷ്യനായി അഞ്ച് സിനിമയിൽ പ്രവർത്തിച്ചു.ഡോക്ടർ എന്ന കന്നട ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ആ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല.
'ഞാൻ നിന്നെ പ്രേമിക്കുന്നു" മലയാളത്തിൽ ആദ്യ സിനിമ .നായകൻ കമൽഹാസൻ?
മെരിലാന്റിന്റെ 'പ്രൊഫസർ"സിനിമയിൽ സുബ്രഹ്മണ്യം മുതലാളിയുടെ അസോസിയേറ്റായി ജോലി ചെയ്യുമ്പോഴാണ് കമൽഹാസനെ ആദ്യമായി കാണുന്നത്. ആ ചിത്രത്തിൽ ജെമിനി ഗണേശനായിരുന്നു നായകൻ. പാങ്കട ഗാനരംഗത്ത് അഭിനയിക്കാൻ വന്നതാണ് കമൽഹാസൻ. നൃത്ത സംവിധായകൻ പാർത്ഥസാരഥിയാണ് കൂട്ടിക്കൊണ്ടുവന്നത്. കമൽഹാസനും എൽ. കാഞ്ചനയുമാണ് ഗാനരംഗത്ത് .അന്ന് കമൽഹാസന് പതിനേഴ് വയസ്.അഞ്ഞൂറുരൂപയാണ് പ്രതിഫലം. ആ പണം കൈയിൽ കിട്ടിയിട്ട് തനിക്ക് ബോംബെയിൽ ഹിന്ദി സിനിമയിൽ അവസരം ലഭിക്കുമോന്ന് അറിയാൻ പോവണമെന്ന് കമൽഹാസൻ എന്നോട് പറഞ്ഞു. അവസരം ലഭിച്ചില്ലെങ്കിൽ എന്റെ സിനിമയിൽ അഭിനയിക്കാമെന്ന് ഞാൻ . ഉച്ചയ്ക്ക് എന്നെ കാണാൻ നിർമ്മാതാവ് അതിരമ്പുഴ ശ്രീനി വന്നു. ഞാൻ കാര്യം പറഞ്ഞു. അഞ്ഞൂറുരൂപ അപ്പോൾതന്നെ കമലിന് അഡ്വാൻസ് കൊടുത്തു.മൊത്തം പ്രതിഫലം 2500 രൂപ. ഉഷകുമാരിയായിരുന്നു നായിക. വലിയ താരമായി വളർന്ന കമൽഹാസൻ ഇപ്പോഴും ആ സ്നേഹം കാത്തുസൂക്ഷിക്കുന്നു. തുടർന്ന് ശ്രീദേവിയെ നായികയാക്കി നാലുമണിപ്പൂക്കൾ. അന്ന് ശ്രീദേവിക്ക് 12 വയസ്. കവിയൂർ പൊന്നമ്മയും സോമനും ഒന്നിച്ചഭിനയിച്ച ഏക സിനിമയാണ് നാലുമണിപ്പൂക്കൾ. എല്ലാം ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ.
ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ. കായലും കയറിലെ ഗാനം ഏക്കാലത്തെയും ഹിറ്റായി തുടരുന്നു?
പാട്ടിന് ഇത്രമാത്രം പ്രശസ്തി ലഭിക്കുമെന്ന് കരുതിയില്ല. യേശുദാസാണ് പാടിയത്. പൂവച്ചൽ ഖാദർ രചന. സംഗീതം ഒരുക്കിയത് തമിഴിലെ പ്രശസ്തനായ കെ.ജി. മഹാദേവൻ. ചട്ടക്കാരിയിൽ അഭിനയിച്ച മോഹനും ജയഭാരതിയുമായിരുന്നു പാട്ട് സീനിൽ അഭിനയിച്ചത്. ചിറയിൻകീഴ് കായൽ പരിസരത്തും കയർഫാക്ടറിയിലുമാണ് ഗാനരംഗം ചിത്രീകരിച്ചത്.മധുസാറാണ് നായകൻ. എന്റെ തിരക്കഥയിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം. സാമ്പത്തികപരമായും കലാപരമായും ഏറെ നേട്ടം തന്നു.എന്റെ ആദ്യ ഇൗസ്റ്റ്മാൻ കളർ ചിത്രം കൂടി ആണ് 'കായലും കയറും".
സെക്സിന്റെ അതിപ്രസരമുള്ള ഗ്ളാമർചിത്രങ്ങളിലേക്ക് വഴിമാറാൻ എന്തായിരുന്നു കാരണം?
അത്തരം സിനിമയിൽ പെട്ടു പോയതാണ്.അപ്പോൾ സിനിമ  ഉപേക്ഷിക്കാൻ ഭാര്യ ഉപദേശിച്ചു. ആസമയത്ത് മക്കൾ ചെറിയ കുട്ടികളായതിനാൽ ഒന്നും അറിഞ്ഞില്ല. എന്നാൽ പുറത്തിറങ്ങുമ്പോൾ ആളുകൾ വലിയ സ്നേഹം കാട്ടി.എല്ലാവരും ആരാധകർ. രതീഷും ബാലൻ കെ. നായരും ഭീമൻ രഘുവും അഭിനയിച്ച രാജവെമ്പാലയിലൂടെയാണ് ഗ്ളാമർ ചിത്രങ്ങളിലേക്ക് മാറുന്നത്. അതിന് വിതരണക്കാരാണ് ഉത്തരവാദികൾ. ഭർത്താവും ഭാര്യയും തമ്മിലുള്ള കിടപ്പറ സീനിന്റെ സ്വീകൻസ് ഞാൻ ചിത്രീകരിക്കും.പിന്നീട്  ഒരു കാമറമാന്റെ സഹായത്താൽ വിതരണക്കാർ ഡ്യൂപ്പ് ആർട്ടിസ്റ്റുകളുടെ മേനി പ്രദർശനം ചിത്രീകരിക്കും. തിയേറ്ററിൽ സിനിമ എത്തി ഒരാഴ്ച കഴിഞ്ഞു ഫിലിം ഒാപ്പറേറ്ററുടെ സഹായത്തിൽ കിടപ്പറസീനിൽ ആ രംഗം കൂടി അവർ ഉൾപ്പെടുത്തുകയും ചെയ്യും. 
നഷ്ടം വരാതിരിക്കുന്നതിന് വിതരണക്കാർ ചെയ്യുന്നതാണിത്.വിതരണക്കാർക്ക് മുന്നിൽ നിശബ്ദനായി നിൽക്കേണ്ടിവന്നത് എന്റെ ഗതികേടാണ്.സിനിമയിൽ ഒന്നുമാകാതെ പോയ ഒരുപാട് നടീനടന്മാരെയും സാങ്കേതിക വിദഗ്ധരെയും സഹായിക്കുക എന്ന ലക്ഷ്യത്തിൽ പ്രതിഫലം നോക്കാതെയും വാങ്ങാതെയുമാണ് ചെറിയ സിനിമകൾ ചെയ്തത്. ഒരു ലക്ഷം രൂപയ്ക്കും എഴുപത്തി അയ്യായിരം രൂപയ്ക്കും സിനിമ ചെയ്തിട്ടുണ്ട്. കൈയിൽ ഒരു പൈസയുമില്ലാത്ത ആളുകളെയാണ് വിതരണക്കാർ നിർമ്മാതാവായി കൊണ്ടുവരുന്നത്. എന്നിൽ മാത്രമാണ് അവർക്ക് വിശ്വാസം. വിതരണക്കാർ നിർമ്മാതാവിന് പണം കൊടുക്കും.ആ പണം കൊണ്ടാണ് നിർമാണം. ഒരു നിർമ്മാതാവിനും നഷ്ടം ഉണ്ടായില്ല. നല്ല സിനിമ ചെയ്യണമെന്ന് പറഞ്ഞ് ആരും വന്നില്ല.
എന്നാൽ ഗ്ളാമർ ചിത്രങ്ങളുടെ സംവിധായകൻ എന്ന വിലാസം ഇപ്പോഴും മാറുന്നില്ല ?
അത് മരണം വരെ തുടരുക തന്നെ ചെയ്യും. ഏറെ കുറ്റബോധമുണ്ട്. എന്തിനു വേണ്ടി, ആർക്കു വേണ്ടി ആ സിനിമകൾ ചെയ്തുവെന്ന് ചില നേരത്ത് ആലോചിക്കാറുണ്ട്. അപ്പോൾ വിഷമം സഹിക്കാൻ കഴിയില്ല.24 ഗ്ളാമർ ചിത്രങ്ങളാണ് ചെയ്തത്. എന്നെയും എന്റെ സിനിമയെയും ഉപയോഗിച്ച് വിതരണക്കാർ കോടികൾ സമ്പാദിച്ചു. വർഷങ്ങൾ കഴിഞ്ഞു അവർ സൂപ്പർതാര സിനിമകൾ നിർമ്മിക്കുന്ന കാഴ്ച കണ്ടു.കരാട്ടെ ഗേൾ മുതൽ 12 സിനിമയിൽ അനുരാധയായിരുന്നു നായിക.ഫറ, ബബിത ജസ്റ്റിൻ, ഡിസ്കോ ശാന്തി,ജ്യോതി ലക്ഷ്മി , പ്രമീള എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഹൈജാക്ക് സിനിമയിൽ സിൽക്ക് സ്മിത അഭിനയിച്ചു. 23 സിനിമകളിലാണ് ഭീമൻ രഘു അഭിനയിച്ചത്.രാജവെമ്പാലയിൽ നായകൻ. രതീഷ് പ്രതിനായകനും.എന്റെ നല്ല സിനിമകൾ അധികം ആളുകൾക്ക് അറിയില്ല. നസീർ സാറിനെയും സോമനെയും സുകുമാരനെയും നായകൻമാരാക്കി സിനിമ ചെയ്തു.
കഥ ആവശ്യപ്പെടുന്ന ബഡ്ജറ്റാണ് കെ.എസ് ഗോപാലകൃഷ്ണൻ സിനിമകൾക്ക്. മൂന്നരലക്ഷം രൂപയാണ് മലയത്തിപ്പെണ്ണിന്റെ നിർമ്മാണ ചെലവ്. 29 ലക്ഷം രൂപയാണ് വാരിക്കൂട്ടിയത് . കാടാണ് പ്രധാന പശ്ചാത്തലം. ആ സിനിമയിലെ മട്ടിച്ചാറ് മണക്കണ് മണക്കണ് എന്ന പാട്ട് ഇപ്പോഴും ശ്രദ്ധേയം.  ബി.സി ക്ളാസ് തിയേറ്ററുകളെ നിലനിറുത്തിയതിൽ ആ കാലത്ത് കെ. എസ് ഗോപാലകൃഷ്ണന്റെ സിനിമകൾ വലിയ പങ്കുവഹിച്ചു . ഇരുപത്തിരണ്ടു വർഷം മുൻപ് കെ.എസ്. ഗോപാലകൃഷ്ണൻ പേര് ഒന്ന് പരിഷ്കരിച്ചു. മൂത്ത മകൻ ഗോകുലിന്റെ പേരിൽ 'കരാട്ടെ ഗേൾ"ഇളയ മകൻ ഗൗതമിന്റെ പേരിൽ 'മംഗല്യച്ചാർത്ത് ",'അമേരിക്കൻ അമ്മായി"എന്നീ സിനിമകൾ ഒരുക്കി. നല്ല സിനിമകൾ എല്ലാം മക്കളുടെ പേരിലാവണമെന്ന ആഗ്രഹം. ഇളയ മകന്റെ പേരിലാണ് പുതിയ ചിത്രം 'അർപ്പണം".അനിമേറ്ററാണ് ഗോകുൽ. ഗൗതം ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നു. തന്റെയും ഭാര്യ ഗിരിജയുടെ പേരിലാണ് ജി . ജി ഫിലിംസ് എന്ന നിർമ്മാണ കമ്പനി. ഒരു വർഷം മുൻപ് ഭാര്യ മരിച്ചു.ഇടയ്ക്ക് തമിഴ് നാട് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് വന്നു മടങ്ങി .ഇപ്പോൾ മലയാളം ചലച്ചിത്ര പരിഷത്ത് വൈസ് പ്രസിഡന്റ്.
കെ.എസ്. ഗോപാലകൃഷ്ണൻ എന്ന ടൈറ്റിൽ കാർഡ് വീണ്ടും തെളിയുമോ?
ഇൗ  വർഷം ഉണ്ടാവും. എന്റെ മനസിനിണങ്ങിയ സിനിമ ആദ്യമായി സംവിധാനം ചെയ്യാൻ പോവുന്നു. ഗ്ളാമർ ചിത്രങ്ങ ൾ ഇനി സംവിധാനം ചെയ്യില്ല.എന്നാൽ ആവശ്യപ്പെടുന്നവരുണ്ട്.