വെള്ളിത്തിരയിലെ ഇൗണ യാത്രയുടെ വിജയത്തിളക്കത്തിൽ ജേക് സ്  ബിജോയ്

ഈരാറ്റുപേട്ടയ്ക്കടുത്ത് അരുവിത്തുറയിൽ പാട്ടിനെയും സംഗീതത്തെയും iസ്നേഹിക്കുന്ന ഒരു അപ്പനും അമ്മയും. പ്ളാന്റർ വെള്ളുക്കുന്നേൽ ബിജോയ് ജേക്കബും ഭാര്യ ഷമ്മി ബിജോയ് യും. ക്ളാസുമുറിയിലെ ഡെസ്കിൽ മൂത്തമകൻ താളം പിടിച്ചുതുടങ്ങുന്നതാണ് പിന്നത്തെ കാഴ്ച. അമ്മയുടെ പാട്ട് അഭിരുചി അതേപോലെ ലഭിച്ചെന്ന് അപ്പോൾ ബന്ധുക്കൾ.
എട്ടുവർഷം കർണാടക സംഗീത പഠനം.ബോർഡിംഗ് പഠനകാലത്ത് പാശ്ചാത്യ സംഗീതത്തോട് താത്പര്യം തോന്നി. കമ്പോസിംഗ് ചെയ്യാൻഅപ്പോൾ അവസരം. മനസിൽ ഇൗണങ്ങൾ വരാൻ തുടങ്ങി . വായ്ത്താരികളും . വീട്ടുകാരുടെ നിർബന്ധത്തിന് എൻജിനിയറിംഗ് പഠനം. സംഗീതത്തിൽ ഉപരി പഠനത്തിന് അമേരിക്കയിലേക്ക് പറന്നതാണ് പിന്നത്തെ കഥ. ശേഷം വാൾട്ട് ഡിസ്നി കമ്പനിയിൽ ജോലി. മലയാള ചലച്ചിത്ര ഗാനശാഖയിൽ ഈണം നിറയ്ക്കുക എന്ന ലക്ഷ്യത്തിൽ  ജോലി ഉപേക്ഷിച്ച് മടങ്ങിയപ്പോൾ വീട്ടുകാർ നെറ്റിചുളിച്ചു. എന്നാൽ മലയാളത്തിൽ ഒരുക്കിയതെല്ലാം സൂപ്പർ ഹിറ്ര് ഈണങ്ങൾ. തമിഴും ഹിന്ദിയും കടന്ന യാത്ര.വിജയ് ദേവരകൊണ്ടയുടെ ടാക്സിവാലയിലൂടെ തെലുങ്കാനയും താളം പിടിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ കായികതാരവും ലോക റെക്കോർഡ് ജേതാവുമായ ഉസൈൻ ബോൾട്ടിന്റെ മനസ് കീഴടക്കി യാത്ര തുടരുകയാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ ജേക്സ് ബിജോയ്. തേടിപോവാതെ വന്നുചേർന്ന സംഗീതം. ജേക്സ് ബിജോയ്ക്ക് ജീവിതത്തിൽ എല്ലാം തന്നത് സംഗീതം.
ഉസൈൻ ബോൾട്ടിലൂടെ ലോകം മുഴുവൻ സ്വന്തം സംഗീതം കേട്ടപ്പോൾ എന്തായിരുന്നു മനസിൽ?
ആ നിമിഷം അനുഭവിച്ച സന്തോഷം ഇപ്പോഴും  കൂടെ യുണ്ട്. എന്റെ സംഗീതം എന്നതിലുപരി നമ്മുടെ സംഗീതം ലോകശ്രദ്ധ നേടിയതിലാണ് ഏറെ സന്തോഷം.ആ വീഡിയോയ്ക്ക് അദ്ദേഹത്തിന് സ്റ്റാർവാർസും ജെയിസംസ് ബോണ്ടുമെല്ലാം.പശ്ചാത്തല സംഗീതമാക്കായിരുന്നു.എന്നിട്ടും അദ്ദേഹം നമ്മുടെ കൊച്ചുകേരളത്തിൽനിന്നുള്ള സംഗീതം തിരഞ്ഞെടുത്തു.എല്ലാവരെയും പോലെ ഞാനും അദ്ദേഹത്തിന്റെ ആരാധകനാണ്. കൽക്കി സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഈ പശ്ചാത്തല സംഗീതം ജനിക്കുന്നത്.ടൊവിനോയുടെ ഇൻട്രോയ്ക്ക് നല്ലൊരു പശ്ചാത്തല സംഗീതമായി അതുമാറുകയും ചെയ്തു. ഒടുവിൽ ഉസൈൻ ബോൾട്ടിനും പ്രിയപ്പെട്ടതായി.
പുതുമ നിറഞ്ഞ സംഗീതം ഒാരോ സിനിമയിലും കൊണ്ടുവരാൻ എങ്ങനെ സാധിക്കുന്നു?
ഒാരോ സിനിമയും വ്യത്യസ്തമായിരിക്കും. ആദ്യം കഥ കേൾക്കും. അപ്പോൾ പശ്ചാത്തലം മനസിൽ കയറും. കഥ നടക്കുന്ന സ്ഥലത്തുപോവാറുണ്ട്.കഥയ്ക്ക് അനുസരിച്ചുള്ള ഉപകരണങ്ങളും മ്യൂസിക് പാലറ്റും തയ്യാറാക്കും.ത്രില്ലർ സിനിമകൾക്ക് ഒഴികെ ഇങ്ങനെയാണ് ചെയ്യുക.പലതരം ജോണർ സിനിമകൾ കാണുന്നത് ഇഷ്ടമാണ്. ഇതിൽ സമാന്തരസിനിമയും ഉൾപ്പെടുന്നു.ഒരു സിനിമയെ സമീപിക്കുമ്പോഴും സംഗീതം തിരഞ്ഞെടുക്കുമ്പോഴും ഇതെല്ലാം സന്നിവേശിപ്പിക്കാറുണ്ട്.ഒാരോ സിനിമയിലും എന്തെങ്കിലും പുതുമ കൊണ്ടുവരാൻ ആത്മാർത്ഥമായി ശ്രദ്ധിക്കുന്നു.
മാസ് ചിത്രങ്ങളാണ് അധികവും,  മിക്ക പാട്ടിലും പാശ്ചാത്യ സംഗീതത്തിന്റെ സ്വാധീനമുണ്ട്?
അങ്ങനെ സംഭവിച്ചുപോവുന്നതാണ് . ഒരുപക്ഷേ ചെയ്ത സിനിമകളുടെ സ്വഭാവം കൊണ്ടായിരിക്കാം വന്നതെല്ലാം അത്തരം ചിത്രങ്ങൾ . മാസ് സിനിമകളിലേക്ക് തപ്പിപ്പിടിച്ച് പോവാറില്ല.പൊറിഞ്ചുമറിയം ജോസ് കഴിഞ്ഞ് അയ്യപ്പനും കോശിയും. .അതിനുമുൻപ് കൽക്കി, രണം. ഇനി വരാൻ പോകുന്നവയിൽ ഏറെയും മാസ് ചിത്രങ്ങൾ. ജോഷി സാറിന്റെ പാപ്പൻ, ഷാജി കൈലാസ് സാറിന്റെ  കടുവ, കെ. മധുസാറിന്റെ സി.ബി.െഎ 5. എല്ലാം വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. എനിക്ക് ഇഷ്ടം തോന്നുന്ന തിരക്കഥ ഉണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഭാഗമാവും.
യുഎസിൽ പഠിച്ചുവളർന്ന സാഹചര്യം, കേട്ട പാട്ടുകൾ, അതിൽ ഏറെയും പാശ്ചാത്യ സംഗീതം നിറഞ്ഞവയായിരുന്നു. അത് എന്നെ സ്വാധീനിച്ചിട്ടുണ്ട്. അപ്പൻ കേൾക്കാത്ത മലയാളം, ഹിന്ദി  പാട്ടുകളില്ല. പഴയ പാട്ടുകളുടെ വലിയ ശേഖരം അപ്പന്റെ പക്കലുണ്ട്. ഇതിന്റെ എല്ലാം കൂട്ടിയോജിപ്പ്   സംഗീതം ചെയ്ത പാട്ടുകളിൽ ഉണ്ടെന്ന് കരുതുന്നു. വളർന്ന സാഹചര്യം നമ്മുടെ അഭിരുചിയെ രൂപപ്പെടുത്തുന്ന ഘടകമാണ്. ഒാരോ സിനിമയിലും നല്ല ഫലം കിട്ടിയില്ലെങ്കിൽ അടുത്തത് വരില്ല. ആരും വിളിക്കുകയുമില്ല. എല്ലാത്തിലും ആത്മാർത്ഥത, എന്തെങ്കിലും വ്യത്യസ്ത, ആകർഷണീയത കൊടുക്കുകയും വേണം. അതിന്റെ ഗവേഷണത്തിലാണ് എപ്പോഴും.
തമിഴകത്തെ ശ്രദ്ധേയ സംവിധായകൻ കാർത്തിക്  നരേന് എങ്ങനെയാണ് ജേക്സ് ബിജോയ് പ്രിയങ്കരാകുന്നത്?
യു.എസ് പഠനം കഴിഞ്ഞ് കുറെനാൾ ചെന്നൈയിൽ. ആസമയത്ത് അമ്പതിലധികം ഹ്രസ്വചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു. സിനിമ തന്നെയായിരുന്നു ലക്ഷ്യം. ആ യാത്രയിലാണ് കാർത്തിക്കിനെ പരിചയപ്പെടുന്നത്. എന്റെ സുഹൃത്ത് ശ്രീജിത് സാരംഗിന്റെ അടുത്ത്  ഹ്രസ്വചിത്രം എഡിറ്റ് ചെയ്യാൻ കാർത്തിക് എത്തുന്നു. ഒരു സിനിമയുടെ തിരക്കഥ കൈയിലുണ്ടെന്ന് കാർത്തിക്. ഞങ്ങൾ എല്ലാവരും ഒപ്പം ചേരാൻ തീരുമാനിച്ചു. അതാണ് 'ധ്രുവങ്ങൾ 16". ആ ചിത്രം വലിയ വിജയം നേടുകയും ചെയ്തു.അവിടെ നിന്നാണ് ആ ടീമും ഞാനും ആളുകൾക്കിടയിൽ തിരിച്ചറിയാൻ തുടങ്ങുന്നത്.അതിനുശേഷമാണ് മലയാളത്തിൽ ക്വീൻ ചെയ്യുന്നത്. ധ്രുവങ്ങൾ 16 കഴിഞ്ഞു മൂന്നുവർഷത്തിനുശേഷം വീണ്ടും കാർത്തിക് നരേനൊപ്പം . മാഫിയ ചാപ്ടർ1.ഒരേ വഴിയിലൂടെ യാത്ര ചെയ്യുന്നവരാണ് കാർത്തികും ഞാനും എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
പൃഥ്വിരാജ് ചിത്രങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായി  ഇടംപിടിക്കുന്നു?
രണം സിനിമയുടെ ടൈറ്റിൽ ട്രാക്ക് ആളുകൾക്ക്ഇപ്പോഴും പ്രിയപ്പെട്ടതാണ്. അതിന് ശേഷം എത്തിയ അയ്യപ്പനും കോശിയും വലിയ വിജയം നേടിയതിനാൽ രാജുവിന്റെ സിനിമയുടെ സംവിധായകർ എന്നെ തേടിവരുന്നു. അത് തരുന്നത് വലിയ സന്തോഷം.കുരുതി, ഭ്രമം, ജനഗണമന . ഇപ്പോൾ കടുവയിൽ എത്തി നിൽക്കുന്നു. മലയാളത്തിലെ ഒരു സൂപ്പർ താരത്തിനൊപ്പം തുടർച്ചയായി സിനിമകൾ ചെയ്യാൻ കഴിയുക എന്നത് എനിക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ്.പിന്നെ എല്ലാം വന്നുചേർന്നതാണ്. ഒന്നും ഞങ്ങൾ തീരുമാനിക്കുന്നതല്ല. രാജുവിന്റെ അടുത്ത അഞ്ചിലധികം സിനിമകളുടെ ഭാഗമാകാൻ പോവുന്നു. വ്യത്യസ്ത ജോണറിലായിരുന്നു ഞങ്ങളുടെ ഒാരോ സിനിമയും. അത് ആളുകൾ ഏറ്റെടുത്തതോടെ ഒരു നല്ല കോമ്പിനേഷൻ ഒത്തുചേർന്നു. ഇന്ദ്രേട്ടൻ അഭിനയിച്ച ഏയ്ഞ്ചൽസാണ്  ആദ്യ ചിത്രം. എൻജിനിയറിംഗിന് പഠനകാലത്ത് ഒരുക്കിയ 'മലയാളീ" എന്ന മ്യൂസിക് ആൽബം ലോഞ്ച് ചെയ്തത് ഇന്ദ്രേട്ടനായിരുന്നു. നിവിൻ, ടൊവിനോ എന്നിവരുടെ പുതിയ ചിത്രങ്ങളുടെയും ഭാഗമാവുന്നു.
മൈൻഡ് സ്കോർ മ്യൂസിക്സ്, ഫ്രഷ് ലൈം സോഡാസ്. പേരുകളിലും പുതുമ ?
അതു സംഭവിച്ചു പോയതാണ്. മൈൻഡ് സ്കോർ മ്യൂസിക്സ് സ്റ്റുഡിയോ ചെന്നൈയിലും കൊച്ചിയിലും. പ്രോഗ്രാമാർമാരും എൻജിനിയർമാരുമായി പത്തുപേരുണ്ട്. ഫ്രഷ് ലൈം സോഡാഡ് ചലച്ചിത്ര നിർമ്മാണ കമ്പനിയാണ്. എഡിറ്റർ ശ്രീജിത്ത് സാരംഗ് ,രണത്തിന്റെ സംവിധായകൻ നിർമ്മൽ സഹദേവ്, നടൻ ജിജു ജോൺ എന്നിവരാണ് പങ്കാളികൾ. ഇൗ കൂട്ടായ്മയിൽ മികച്ച പ്രമേയമുള്ള സിനിമ നിർമ്മിക്കുകയാണ് ലക്ഷ്യം. ആദ്യചിത്രം ആണ് കുമാരി. െെഷൻ ടോം ചാക്കോയും ഐശ്വര്യ ലക്ഷ്മിയും പ്രധാന താരങ്ങൾ. യമഗാദകി എന്ന തമിഴ് ചിത്രവും നിർമ്മിച്ചു.
പുതിയ  സിനിമകൾ?
മമ്മുക്ക ചിത്രം പുഴു. സി.ബി.ഐ 5 എനിക്ക് ലഭിച്ച അംഗീകാരം കൂടിയാണ്. പൊറുഞ്ചു മറിയം ജോസിനു ശേഷം വീണ്ടും ജോഷി സാറിനൊപ്പം പാപ്പൻ. തണ്ണീർമത്തൻ ടീമിന്റെ പത്രോസിന്റെ പടപ്പുകൾ, സന്തോഷ് ശിവൻ സാറിന്റെ പുതിയ ചിത്രം. പ്രതിഭാധനരായ സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.ബോളിവുഡിൽ പശ്ചാത്തല സംഗീതം മാത്രമാണ് ചെയ്തത് .സിദ്ധാർത്ഥ മൽഹോത്രയും രഗ്മിക മന്ദാനയും അഭിനയിക്കുന്ന മിഷൻ മഞ്ജനു,രൺദീപ് ഹൂഡ നായകനായി റസൂൽ പൂക്കുട്ടി ശബ്ദ ലേഖനം ചെയ്യുന്ന റാറ്റ് ഒാൺ എ ഹൈവേ. രണ്ട് ചിത്രങ്ങളിലും പശ്ചാത്തല സംഗീതം . സംഗീതം ഒരുക്കാൻ ബോളിവുഡിൽ നിന്ന് അവസരങ്ങൾ വരുന്നുണ്ട്.തെലുങ്കിൽ ' പക്ക കൊമേർഷ്യൽ" എന്ന ചിത്രം.