
യഥാർത്ഥ  സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ
മേയ് 6ന് തിയേറ്ററിൽ
മൂന്നുവർഷംമുമ്പാണ് എൻ.ഡി.ടി.വിയിൽ ആ സ്പെഷ്യൽ സ്റ്റോറി വന്നത്. നാഗ്പൂരിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഒരു യുവാവ് സമർപ്പിച്ച പരാതിയുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു ആ സ്പെഷ്യൽ സ്റ്റോറി. വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും ശ്രദ്ധിക്കാറുള്ള സംവിധായകൻ ടി.കെ. രാജീവ് കുമാറിന്റെ മനസ് ആ സ്പെഷ്യൽ സ്റ്റോറിയിലുടക്കി.
പരാതിയുടെ പ്രത്യേകത കൊണ്ടാണ് ചാനൽ അതൊരു ന്യൂസ് സ്റ്റോറിയായി അവതരിപ്പിച്ചത്. ടി.കെ. രാജീവ് കുമാറിനെ ആകർഷിച്ചതും ആ പരാതിയുടെ പ്രത്യേകത തന്നെയാണ്. പുതിയ സിനിമിയായ ബർമുഡയുടെ കഥ പ്രത്യേകതകളുള്ള ആ പരാതി തന്നെയാണെന്ന് ടി.കെ. രാജീവ് കുമാർ പറയുന്നു.
നാഗ്പൂരിലെ ഒരു പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്ക് ആ പരാതി ലഭിച്ച ശേഷം അയാൾ ആ പരാതിയെ എങ്ങനെ കൈകാര്യം ചെയ്തുവെന്നുള്ളതൊക്കെയായിരുന്നു ആ ന്യൂസ് സ്റ്റോറി ആവിഷ്കരിച്ചത്.
ആ സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണങ്ങളിലെ തൊണ്ടിമുതലുകളെല്ലാം ചാർജ് എടുത്ത ശേഷം ആ എസ്.ഐ തിരിച്ച് പിടിച്ചിരുന്നു.മോഷ്ടാക്കളെയെല്ലാം പിടികൂടി മോഷണ മുതലുകൾ ഉടമസ്ഥർക്ക് തിരിച്ച് നൽകുന്ന ചടങ്ങിൽ വച്ചാണ് കമ്മിഷണർ ആ രഹസ്യം വെളിപ്പെടുത്തിയത്. ഒരു ചെറുപ്പക്കാരനിൽനിന്ന് മോഷ്ടിക്കപ്പെട്ട വസ്തു മാത്രം തങ്ങൾക്ക് കണ്ടെടുക്കാനായില്ലെന്നും നിയമപരമായി അത് കണ്ടെടുക്കാൻ സാധിക്കില്ലെന്നും അത് തങ്ങളുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്നുമായിരുന്നു പൊലീസിന്റെ വാദം.
പിന്നീട് പലപ്പോഴും പല സിനിമാ ചർച്ചകളിലും പലരോടും ടി.കെ. രാജീവ് കുമാർ ആ സംഭവത്തെപ്പറ്റി പറഞ്ഞു. അതിലൊരു സിനിമയ്ക്കുള്ള എലമെന്റുണ്ടോയെന്ന സംശയമായിരുന്നു പലർക്കും. പക്ഷേ ടി.കെ. രാജീവ് കുമാറിന് അതിലുള്ള കൗതുകം പോയില്ല. കേരളത്തിലെന്നല്ല ലോകത്തെവിടെയും സാംഗത്യമുള്ള ഒരു വിഷയമാണതെന്ന് ടി.കെ. രാജീവ് കുമാറിന്റെ മനസ് പറഞ്ഞു.
ദുബായിൽ നടന്ന മോഹൻലാലുംകൂട്ടുകാരും എന്ന മെഗാ ഇവന്റിന്റെ ഷോ ഡയറക്ടർ ടി.കെ. രാജീവ് കുമാറായിരുന്നു. തകഴികാരനായ പത്രപ്രവർത്തകൻ കൃഷ്ണദാസ് പങ്കിയാണ് ആ ഷോയുടെ സ്ക്രിപ്ട് എഴുതിയത്. പല ടി.വി ചാനലുകളിലെയും കോമഡി പ്രോഗ്രാമുകൾക്ക് ആദ്യകാലത്ത് സ്ക്രിപ്ട് എഴുതിയിരുന്നത് കൃഷ്ണദാസായിരുന്നു.
കൃഷ്ണദാസിനോടും നാഗ്പൂർ സംഭവത്തെക്കുറിച്ച് ടി.കെ. രാജീവ് കുമാർ പറഞ്ഞു. കൃഷ്ണദാസിനും അതിലൊരു സാധ്യതയുണ്ടെന്ന് തോന്നിയപ്പോൾ ചർച്ചകൾ അടുത്തഘട്ടത്തിലേക്ക് കടന്നു.
'' അഭിനേതാക്കൾ മാത്രമല്ല സിനിമയിലെ യൂണിറ്റംഗങ്ങളെല്ലാം തിരക്കഥ വായിച്ചുവെന്നതാണ് ഒരു സംവിധായകനെന്ന നിലയിൽ എന്റെ ആത്മവിശ്വാസം."" ടി.കെ. രാജീവ് കുമാർ പറയുന്നു.
ഉടനീളം പ്രകടനത്തിൽ സ്ഥിരത ആവശ്യപ്പെടുന്ന കഥാപാത്രമാണ് ബർമുഡയിൽ ഷെയ്ൻ നിഗമിനെന്ന് ടി.കെ. രാജീവ് കമാർ പറയുന്നു.
''ബർമുഡയിൽ ഷെയ്ൻ നിഗമിന് അത് മനോഹരമായി കൈകാര്യം ചെയ്യാൻ പറ്റി. ഒരു ആക്ടറെ സംബന്ധിച്ച് വളരെ ട്രിക്കിയായിട്ടുള്ള റോളാണിത്. ഇന്റലിജന്റായ നടനാണ് ഷെയ്ൻ. അതുപോലെ വിനയ് ഫോർട്ടും. രണ്ടുപേർക്കും അഭിനയത്തിലുള്ള കരുത്ത് രണ്ട് വിധത്തിലാണ്. ""
തമിഴ് ചിത്രമായ അരുവിയുടെ കാമറാമാൻ ഷെല്ലികാൾസായിരുന്നു ബർമുഡയുടെ ആദ്യ ഷെഡ്യൂളിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. കൊറോണ കാരണം ബർമുഡയുടെ സെക്കൻഡ് ഷെഡ്യൂൾ വൈകിയപ്പോൾ ഷെല്ലിയുടെ ഡേറ്റ് ക്ളാഷായി. അങ്ങനെയാണ് ബർമുഡയിലേക്ക് അഴകപ്പൻ വരുന്നത്.
''അഴകപ്പനുമായി സിനിമ ചെയ്യുന്നതാദ്യമാണെങ്കിലും ലാലേട്ടനുൾപ്പെടെയുള്ള ചില പ്രോഗ്രാമുകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്."" ടി.കെ. രാജീവ് കുമാർ പറഞ്ഞു.
തിരുവനന്തപുരത്തും പരിസരങ്ങളിലുമായി രണ്ട് ഷെഡ്യൂളിലായാണ് ബർമുഡയുടെ ചിത്രീകരണം പൂർത്തിയായത്.
24 ഫ്രെയിംസ് പ്രൊഡക്ഷന്റെ ബാനറിൽ സൂരജ് സി.കെ., ബിജു സി.ജെ, ബാദുഷാ എൻ.എം എന്നിവർ ചേർന്നാണ് ബർമുഡ നിർമ്മിക്കുന്നത്.
സൗണ്ട് ഡിസൈൻ: അജിത്ത് എ. ജോർജ്. മേക്കപ്പ് : അമൽ ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ : സമീറാ സനീഷ്, ഗാനങ്ങൾ : വിനായക് ശശികുമാർ, ബീയാർ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : രാജേഷ് കെ. പാർത്ഥൻ, ഷൈനി ബെഞ്ചമിൻ, അസോസിയേറ്റ് ഡയറക്ടർ : അബികൃഷ്ണ, സ്റ്റിൽസ് : പ്രേംലാൽ പട്ടാഴി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ഹർഷൻ പട്ടാപ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : അനിൽ ടി. ജേക്കബ്, അനിൽ ടി.കെ, അനിൽ ജോസ് എ, ലൈറ്റ് യൂണിറ്റ് : രജപുത്ര, ക്രെയിൻ : ഹരി വൈശാലി.