rcb

മുംബയ് :ബൗളർമാരുടെ മേൽക്കോയ്മ കണ്ട മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ.

ഇന്നലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ 18.5 ഓവറിൽ 128 റൺസിന് ആൾഒൗട്ടാക്കിയ ബാംഗ്ളൂർ നാലുപന്തുകളും മൂന്ന് വിക്കറ്റുകളും ശേഷിക്കേ വിജയം കാണുകയായിരുന്നു.ആർ.സി.ബിയുടെ സീസണിലെ ആദ്യ വിജയമാണിത്.

നാലുവിക്കറ്റ് വീഴ്ത്തിയ ലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലും ചേർന്നാണ് കൊൽക്കത്തയെ ചുരുട്ടിയത്.25 റൺസ് നേടിയ ആന്ദ്രേ റസലാണ് കൊൽക്കത്തയുടെ ടോപ്സ്കോററർ.

ചേസിംഗിനിറങ്ങിയ ആർ.സി.ബിക്കും ബാറ്റിംഗിൽ തിരിച്ചടികൾ നേരിട്ടു. അനുജ് റാവത്ത്(0),ക്യാപ്ടൻ ഫാഫ് ഡുപ്ളെസി (5),വിരാട് കൊഹ്‌ലി(12) എന്നിവർ കൂടാരം കയറിയപ്പോൾ മൂന്നിന് 17 എന്ന സ്ഥിതിയിലായിരുന്നു ആർ.സി.ബി. തുടർന്ന് ഡേവിഡ് വില്ലി(18),ഷെർഫാനേ റുതർഫോർഡ്(28), ഷഹബാസ് (27) എന്നിവരുടെ ചെറുത്തുനിൽപ്പിന് ശേഷം ഹർഷൽ പട്ടേലും (10 നോട്ടൗട്ട്),ദിനേഷ് കാർത്തിക്കും (14 നോട്ടൗട്ട്) ചേർന്ന് വിജയം നേടിയെടുക്കുകയായിരുന്നു.

ടോസ് നേടിയ ആർ.സി​.ബി​ ക്യാപ്ടൻ ഡുപ്ളെസി​ ​ കൊൽക്കത്തയെ ബാറ്റിംഗി​ന് വി​‌ടുകയായി​രുന്നു.നാലാം ഓവറി​ൽ വെങ്കി​ടേഷ് അയ്യരെ (10)റി​ട്ടേൺ​ ക്യാച്ചി​ലൂടെ പുറത്താക്കി​ അർഷദീപ് സിംഗാണ് വേട്ടയ്ക്ക് തുടക്കമി​ട്ടത്. അടുത്ത ഓവറിൽ അജിങ്ക്യ രഹാനെയെ(9) സിറാജ് പുറത്താക്കി.ആറാം ഓവറിൽ നിതീഷ് റാണയെ(10)ക്കൂടി അർഷദീപ് മടക്കിയതോടെ കൊൽക്കത്ത 44/3 എന്ന നിലയിലായി.

തുടർന്നാണ് വാനിന്ദു ഹസരംഗ വേട്ടയ്ക്കെത്തിയത്. ഏഴാം ഓവറിൽ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരെ (13)സ്വന്തം നായകൻ ഡുപ്ളെസിയു‌ടെ കയ്യിലെത്തിച്ചാണ് വാനിന്ദു തുടങ്ങിയത്.ഒൻപതാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ സുനിൽ നരെയ്ൻ(12),ഷെൽഡൻ ജാക്സൺ (0) എന്നിവരെയും പുറത്താക്കി.ഇതോടെ കൊൽക്കത്ത 67/4 എന്ന നിലയിലായി. 12-ാം ഓവറിൽ സാം ബില്ലിംഗ്സിനെ ഹർഷൽ പട്ടേൽ പുറത്താക്കി.തുടർന്ന് റസൽ വമ്പനടികൾക്ക് ശ്രമിച്ചെങ്കിലും ടീം 100ലെത്തും മുന്നേ മടങ്ങേണ്ടിവന്നു.ഉമേഷ് യാദവും (18) വരുൺ ചക്രവർത്തിയും (10) ചേർന്നാണ് 128ലെത്തിച്ചത്.

ഇന്നത്തെ മത്സരം : ലക്നൗ Vs ചെന്നൈ