
കേരളത്തിന്റെ ഇരുപത്തിയാറാമത് ചലച്ചിത്രോത്സവത്തിന്റെ ( ഐ.എഫ്.എഫ്.കെ ) വിജയം മികച്ച സംഘാടന പാടവത്തിന്റെ ഉദാഹരണമായി.കൊവിഡിന്റെ വിലക്കുകൾക്കുശേഷം പ്രേക്ഷകർ മേളയ്ക്കെത്തിയത് വലിയ ആവേശത്തോടെയായിരുന്നു.സ്വതന്ത്രമായ ലോകം വീണ്ടും മുന്നിലെത്തിയതിന്റെ ആഹ്ളാദം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു. പതിനഞ്ച് തിയറ്ററുകളിലായി എട്ടുദിനങ്ങൾ നീണ്ടുനിന്ന ചലച്ചിത്രോത്സവത്തിൽ ഏറ്റവും ശ്രദ്ധേയമായത് സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തമായിരുന്നു.സിനിമകളിലും സ്ത്രീപ്രാതിനിദ്ധ്യം കൂടുതലായിരുന്നു.മത്സര വിഭാഗം ചിത്രങ്ങളിലും അവർ മുന്നിട്ടുനിന്നു.മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയ ക്ളാര സോള സംവിധാനം ചെയ്തത് കോസ്റ്റാറിക്കൻ സംവിധായക നതാലി അൽവാരെസ് മെസന്റെയായിരുന്നു.പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ടമായിരുന്നു ചിത്രത്തിന്റെ പ്രമേയം.മികച്ച സംവിധാനത്തിനുള്ള രജതചകോരവും വനിതയ്ക്കായിരുന്നു. കമീല കംസ് ഒൗട്ട് ടുനൈറ്റിന്റെ സംവിധായക ഇനേസ് ബാരിയോ യൂയെവോയ്ക്കാണ് ലഭിച്ചത്.
യാതൊരു അപസ്വരവുമില്ലാതെയാണ് മേള സമാപിച്ചത്.പുതിയ ചെയർമാൻ രഞ്ജിത്തിന്റെയും സെക്രട്ടറി അജോയ് ചന്ദ്രന്റെയും ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാപോളിന്റെയും നേതൃത്വത്തിലുള്ള ടീം അഹോരാത്രം മേളയുടെ വിജയത്തിനായി യത്നിച്ചു.അവാർഡ് ജേതാക്കൾക്കും സംഘാടകർക്കും പ്രേക്ഷകർക്കും അഭിനന്ദനങ്ങൾ.ഈ വർഷം ഡിസംബറിൽ വീണ്ടുമൊരു ചലച്ചിത്രോത്സവം കൂടി പ്രതീക്ഷിക്കാം.