
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ വി.ഐ.പി ആരെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. ഗൂഢാലോചന കേസിലെ വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് ക്രൈം ബ്രാഞ്ച് എസ് പി മോഹന ചന്ദ്രൻ വ്യക്തമാക്കി കേസിലെ ആറാം പ്രതിയായ ശരത്തിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായ ശേഷമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ ശരത് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഹാജരായിരുന്നത്. ഇതിന് ശേഷമാണ് എസ്.പിയുടെ പ്രതികരണം.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ വി.ഐ.പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താൻ ദൃക്സാക്ഷിയാണെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ വീട്ടിലെത്തിച്ചതെന്നും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു
കേസിൽ ദിലീപിനെ രണ്ട് ദിവസങ്ങളിലായി 16 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വധശ്രമ ഗൂഢാലോചനാ കേസിൽ അന്വേഷണസംഘം ശരത്തിനെ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി സുഹൃത്ത് ബന്ധം മാത്രമാണെന്നാണ് ശരത്തിന്റെ മൊഴി.
അതേസമയം കേസിന്റെ പേരിൽ അന്വേഷണ സംഘം തന്നെ പീഡിപ്പിക്കുകയാണെന്ന് നടൻ ദിലീപ് കോടതിയിൽ ആരോപിച്ചു. വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം റെയ്ഡ് നടത്തുകയാണ്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പൊലീസ് കയറിയിറങ്ങി. തനിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.