telecom

കൊച്ചി: ടെലികോം കമ്പനികൾ അഡ്ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) ഇനത്തിൽ കേന്ദ്രസർക്കാരിന് നൽകാനുള്ള കുടിശിക 1.65 ലക്ഷം കോടി രൂപ. വൊഡാഫോൺ ഐഡിയ (വീ) 59,236.63 കോടി രൂപയും ഭാരതി എയർടെൽ 31,280 കോടി രൂപയുമാണ് വീട്ടാനുള്ളത്. ബി.എസ്.എൻ.എല്ലിന്റെ കുടിശിക 16,224 കോടി രൂപ. എം.ടി.എൻ.എൽ നൽകാനുള്ളത് 5,009.1 കോടി രൂപ. റിലയൻസ് ജിയോ വീട്ടാനുള്ളത് 631 കോടി രൂപ മാത്രമാണ്.

2018-19 പ്രകാരമുള്ള കണക്കാണിതെന്ന് കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി ദേവുസിംഗ് ചൗഹാൻ പാർലമെന്റിൽ പറഞ്ഞു. 2020 സെപ്തംബറിലെ കണക്കുപ്രകാരം ഓരോ കമ്പനിയുടെയും കുടിശികയിൽ മാറ്റമുണ്ട്. ഇവ ഭാഗികമായി തുക അടച്ചതാണ് കാരണം. എന്നാൽ, പ്രവർത്തനം നിറുത്തിയ ടെലികോം കമ്പനികളായ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (25,194.58 കോടി രൂപ) എയർസെൽ (12,389 കോടി രൂപ) എന്നിവയുടെ കുടിശിക മാറ്റമില്ലാതെ തുടരുകയാണ്.

2020 സെപ്തംബർപ്രകാരം എയർടെല്ലിന്റെ ബാദ്ധ്യത 25,976 കോടി രൂപയാണ്. വീയുടേത് 50,399.63 കോടി രൂപ. ബി.എസ്.എൻ.എൽ 5,835.85 കോടി രൂപയും എം.ടി.എൻ.എൽ 4,352.09 കോടി രൂപയും വീട്ടണം. റിലയൻസ് ജിയോയ്ക്ക് ബാദ്ധ്യതയൊന്നുമില്ല. 2020 സെപ്തംബർ പ്രകാരം എ.ജി.ആർ ഇനത്തിൽ കേന്ദ്രത്തിന് കിട്ടാനുള്ള ആകെത്തുക 1.38 ലക്ഷം കോടി രൂപയാണ്.

മൊബൈൽവരിക്കാരുടെ

എണ്ണം വീണ്ടും താഴേക്ക്

രാജ്യത്ത് മൊബൈൽഫോൺ വരിക്കാരുടെ എണ്ണം ജനുവരിയിൽ 115.46 കോടിയിൽ നിന്ന് 114.52 കോടിയായി കുറഞ്ഞുവെന്ന് ട്രായിയുടെ റിപ്പോർട്ട്.

 രാജ്യത്ത് മൊത്തം മൊബൈൽവരിക്കാരിൽ 89.76 ശതമാനവും സ്വകാര്യകമ്പനികളുടെ സിം ആണ് ഉപയോഗിക്കുന്നത്.

 പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ എന്നിവയുടെ വിപണിവിഹിതം 10.24 ശതമാനം.

ജിയോയുടെ സമയം

ടെലികോം കമ്പനികളും വിപണിവിഹിതവും

 റിലയൻസ് ജിയോ : 35.49%

 ഭാരതി എയർടെൽ : 31.13%

 വൊഡാ.ഐഡിയ : 23.15%

 ബി.എസ്.എൻ.എൽ : 9.95%

 എം.ടി.എൻ.എൽ : 0.28%

സജീവം എയ‌ർടെൽ

മൊത്തം വരിക്കാരിൽ ഏറ്റവുമധികം സജീവവരിക്കാരുള്ളത് എയർടെല്ലിനാണ്; 98.18%. ഏറ്റവും കുറവ് എം.ടി.എൻ.എല്ലിന് : 18.37%