mk

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ദുബായ് സന്ദർശിക്കുമ്പോൾ എം.കെ സ്റ്റാലിൻ ധരിച്ച കോട്ടിന്റെ വില 17 കോടിയാണെന്ന് പ്രചരിപ്പിച്ചതിനാണ് സേലം എടപ്പാടി സ്വദേശി അരുള്‍ പ്രസാദിനെ അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് ഇയാൾ.

ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍ നിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന്‍ ധരിച്ച കോട്ടിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. കുറിപ്പിെനാപ്പം കോട്ട് ധരിച്ച് സ്റ്റാലിൻ ദുബായിൽ നിൽക്കുന്ന ചിത്രങ്ങളും ഇയാൾ പങ്കുവച്ചിരുന്നു. ഇതോടെ പോസ്റ്റ് വൈറലായി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിനെതിരെയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

വ്യാജവാര്‍ത്തകളുടെ ഫലമായുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക സോഷ്യല്‍ മീഡിയ സെല്‍ സ്ഥാപിക്കാനുള്ള പദ്ധതി ഡിഎംകെ സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.ഡിഎംകെ സേലം യൂനിറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അരുള്‍ പ്രസാദിനെ 153 എ, 504, 505 (2) ഐപിസി വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്ത്. സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലക്കെതിരെയും ഡിഎംകെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സ്റ്റാലിനോട് നിരുപാധികം മാപ്പ് പറയണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഡി.എം.കെ ആവശ്യപ്പെട്ടത്