mangala

ഇടുക്കി: പ്രശസ്‌തമായ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവം ഏപ്രിൽ 16ന് നടക്കും. ഉത്സവാഘോഷങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇടുക്കി,തേനി ജില്ലാ ഭരണകൂടങ്ങളുടെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്ന സംയുക്തയോഗത്തിൽ തീരുമാനിച്ചു.

വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഉൽസവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിന്റേയും തേനി ജില്ലാ കളക്ടർ കെ.വി. മുരളീധരയുടേയും നേതൃത്വത്തിൽ ചേർന്ന വകുപ്പ് തലവൻമാരുടെ അവലോകന യോഗത്തിൽ വിലയിരുത്തി.

കോവിഡ് മാനദണ്ഡം പാലിച്ചു, പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതയുടെ സംരക്ഷണത്തിനും മുൻതൂക്കം നൽകിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തുന്നതെന്ന് ജില്ലാ അധികൃതർ സംയുക്ത യോഗത്തിൽ അറിയിച്ചു.

ക്ഷേത്രം സ്ഥിതിചെയ്യുന്നത് വൈൽഡ് ലൈഫ് പ്രോട്ടക്ഷൻ നിയമം നിലനിൽക്കുന്ന പെരിയാർ ടൈഗർ റിസർവ് പ്രദേശമായതുകൊണ്ട് നിയന്ത്രണങ്ങൾക്ക് വിധേയമായി, ബുദ്ധിമുട്ടില്ലാതെ ഭക്തർക്ക് ക്ഷേത്ര ദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

നിർദ്ദേശങ്ങൾ

ഏപ്രിൽ 16ന് പുലർച്ചെ മൂന്ന് മണി മുതൽ സംഘടകരായ ഉദ്യോഗസ്ഥർക്ക് ക്ഷേത്രത്തിലേക്ക് കുമളിയിൽ നിന്ന് പ്രവേശനം നൽകും. നാലു മണിമുതൽ അഞ്ചു മണി വരെയുള്ള സമയത്തു പൂജാരിമാരെയും പൂജ സാമഗ്രികളും ക്ഷേത്രത്തിലേക്കു കൊണ്ടപോകാൻ അനുവദിക്കും. അഞ്ചു മുതൽ ആറു വരെയുള്ള സമയത്തു ആറു ട്രാക്ടറുകളിലായി ഭക്ഷണം കയറ്റിവിടും.

ആറ് ട്രാക്ടറുകൾക്കാണ് അനുമതിയുള്ളത്. ഓരോ ട്രാക്ടറുകളിലും ആറു പേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല. ട്രാക്ടറുകളിൽ 18 വയസിൽ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. രാവിലെ ആറു മണി മുതൽ ഒന്നാം ഗേറ്റീലൂടെ ഭക്തരെ കയറ്റിവിടും. വൈകിട്ടു അഞ്ചു മണിക്കശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാൻ അനുവദിക്കില്ല. വൈകിട്ട് അഞ്ചു മണിക്ക് ശേഷം മലയിൽ ആരും ഉണ്ടാകാൻ പാടുള്ളതല്ല. അതിനു മുൻപ് പൂജാരി ഉൾപ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം. ഉച്ചക്ക് രണ്ടിന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടുന്നതുമല്ല.

ഡിസ്‌പോസബിൾ പാത്രങ്ങളിൽ കുടിവെള്ളമോ മറ്റു ഭക്ഷണങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടപോകാൻ അനുവദിക്കില്ല. മല കയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്ര വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. മദ്യം, സസ്യേതര ഭക്ഷണം എന്നിവയും അനുവദിക്കില്ല. ക്ഷേത്രത്തിലേക്ക് പോകാനുള്ള വാഹനങ്ങൾക്ക് ആർ.ടി.ഒ പാസ് നൽകും.

കുമളി ബസ് സ്റ്റാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കറകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും.

ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കണ്ട്രോൾ റൂം സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദമല്ലാത്ത അലങ്കാര വസ്തുകൾ ഉപയോഗിക്കാൻ പാടില്ല. ഇരു സംസ്ഥാനങ്ങളിലെയും ഉത്സവ കമ്മിറ്റിക്ക് മൂന്ന് വീതം പൊങ്കാല മാത്രം അനുവദിക്കും. ക്ഷേത്രത്തിലേക്കു പോകേണ്ട വാഹനങ്ങൾ ഏപ്രിൽ 13നകം ആർടിഒ യ്ക്ക് അപേക്ഷ നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്റ്റിക്കർ വാങ്ങി വാഹനത്തിൽ പതിപ്പിക്കണം. ഏപ്രിൽ 15നകം ഡ്രൈവർ വെഹിക്കിൾ പാസ്സ് നേടിയിരിക്കണം. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ്, എന്നീ സൗകര്യങ്ങളോടെ കൊക്കാരണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവർത്തിക്കും. കാനനപാതയിൽ ശുദ്ധജല വിതരണ കിയോസ്‌കുകൾ സ്ഥാപിക്കും. പ്രഥമശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘം, ഹൃദ്രോഗ പ്രഥമ ശുശ്രൂഷാ സൗകര്യമുള്ള നാല് ആംബുലൻസ് സൗകര്യം തുടങ്ങിയവയും ഏർപ്പെടുത്തും. ശുചിത്വമിഷന്റെ സഹകരണതോടെ മാലിന്യങ്ങൾ നീക്കി ശുചിയാക്കാനും യോഗം തീരുമാനിച്ചു.

രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഉത്സവം ഇക്കുറി നടക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉത്സവം നടത്തിയിരുന്നില്ല. 2019 ലാണ് അവസാനമായി ഉത്സവം നടത്തിയത്. മിന്നലിനും മഴയ്ക്കും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻ നിർത്തി എത്രയും നേരത്തെ തന്നെ മലയിറങ്ങാൻ ശ്രദ്ധിക്കണം. ഉത്തമപാളയം സബ് കളക്ടർ, ഇടുക്കി ആർഡിഒ എന്നിവർക്കാണ് ചുമതല. കുമളി ബ്ര്രസ്സാൻഡ്, അമലാംബിക സ്‌കൂൾ, കൊക്കരകണ്ടം എന്നി മൂന്നു ചെക്ക് പോസ്റ്റുകളാവും ഉണ്ടാകുക. പ്ലാസ്റ്റിക് ബോട്ടിലുകളിൽ വെള്ളം അനുവദനീയമല്ല. അഞ്ച് ലിറ്റർ ക്യാൻ ഉപയോഗിക്കാം. 13 പോയിന്റുകളിൽ കുടിവെള്ളം ഒരുക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പിന് നിർദ്ദേശം നൽകി.
ഇരു സംസ്ഥാനങ്ങളിൽ നിന്നും മൂന്നു വീതം കലങ്ങളിൽ പൊങ്കാല അനുവദിക്കും. മത്സ്യമാംസാദികൾ അനുവദനീയമല്ല. മദ്യം മറ്റ് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാൻ പാടില്ല. എക്‌സൈസ് ഉദ്യോഗസ്ഥർ ഇത് ഉറപ്പ് വരുത്തും. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന ഉൽപ്പന്നങ്ങളും പാടുളളതല്ല.

മാധ്യമപ്രവർത്തകർക്കും രാവിലെ ആറുമണി മുതലായിരിക്കും പ്രവേശനം അനുവദിക്കുക. മാധ്യമപ്രവർത്തകർക്കുള്ള പാസ് ഇരു സംസ്ഥാനങ്ങളിലേയും ഇൻഫോർമേഷൻ ഓഫിസർമാർ വിതരണം ചെയ്യും. പ്രവേശന സ്ഥലത്തും മലമുകളിലും മെഡിക്കൽ ടീമിന്റെ സേവനം ഉണ്ടായിരിക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകൾ സ്ഥാപിക്കും. ഇരുസംസ്ഥാനങ്ങളിൽ നിന്നുമുള്ള മൊബൈൽ പെട്രോളിംഗ് ഉണ്ടായിരിക്കും. ഹെൽപ്പ് ഡെസ്‌ക് സേവനം ഉണ്ടായിരിക്കും. കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. മലയാളത്തിലും തമിഴിലും അനൗൺസ്‌മെന്റ് നടത്തും. അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി വനം വകുപ്പ് അധികൃതർ മെഗാ ഫോൺ കരുതിയിരിക്കും. താൽക്കാലിക ടോയ്ലറ്റുകൾ ഒരുക്കും. ഫയർഫോഴ്സ് സേവനം ഉണ്ടായിരിക്കും. റിക്കവറി വാൻ ഉണ്ടാകും. ഡിസാസ്റ്റർ മാനേജ്മന്റ് ടീമിന്റെ സഹായം ഉറപ്പുവരുത്തും. വാഹനങ്ങളുടെ ഫിറ്റ്നസ്, ഇൻഷുറൻസ് ലൈസൻസ് മുതലായ കാര്യങ്ങൾ ഇരു സംസ്ഥാനങ്ങളിലെയും ആർടിഒ മാർ ഉറപ്പുവരുത്തും. സാധുവായ പാസ് കൈവശമില്ലാത്തവരെ കടത്തിവിടില്ല. ക്ഷേത്രപാതയിൽ ആംപ്ലിഫയർ ലൗഡ് സ്പീക്കർ തുടങ്ങിയവ ഉപയോഗിക്കാൻ അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ നിർബന്ധമായും ഐഡി കാർഡ് ധരിച്ചിരിക്കണം. ഒരു തരത്തിലുള്ള മാലിന്യവും വനത്തിൽ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാൻ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും.