lalith

ലണ്ടൻ: കോടികളുടെ നിരവധി തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് മുങ്ങി ബ്രിട്ടണിലെത്തിയ ഐപിഎൽ മുൻ കമ്മീഷണർ ലളിത് മോദിയ്‌ക്ക് വീണ്ടും തിരിച്ചടി. മോഡലും സിംഗപ്പൂർ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്നയാളുമായ ഗുർപ്രീത് ഗിൽ മാഗിന്റെ ഹർജിയിലാണ് ലളിത് മോദിയ്‌ക്ക് തിരിച്ചടിയുണ്ടായത്.

ക്യാൻസർ ചികിത്സാ സംരംഭത്തിൽ ഒരു മില്യൺ ഡോളർ ഗുർപ്രീത് നിക്ഷേപിച്ചത് ലളിത് മോദി പറഞ്ഞിട്ടാണെന്നും 2018ൽ പണം നൽകിയെങ്കിലും സംരംഭം ഒരിക്കലും ആരംഭിച്ചില്ലെന്നും ഗുർപ്രീത് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. 2 ലക്ഷം ഡോള‌ർ മോദി തിരികെ നൽകി. എന്നാൽ ബാക്കി ആവശ്യപ്പെട്ടാണ് ഗുർപ്രീത് കോടതിയിലെത്തിയത്. കേസിൽ എട്ട് ലക്ഷം ഡോളർ ലളിത് മോദി തിരികെ നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. 2022 ഫെബ്രുവരിയിലാണ് ഗുർപ്രീത് കേസ് നൽകിയത്.

ഗുർപ്രീത് ഗിൽ മാഗിന്റെ ആരോപണങ്ങൾ എന്നാൽ ലളിത് മോദി നിരാകരിച്ചു. എന്നാൽ ക്യാൻസർ സംരംഭത്തിന് വേണ്ടി പ്രസിദ്ധരായ ആളുകൾ ബ്രാൻഡ് അംബാസിഡറാക്കും എന്നുകാട്ടിയാണ് ലളിത് മോദി, ഗുർപ്രീതിനെ സാമ്പത്തിക തട്ടിപ്പിനിരയാക്കിയത്. 2010ൽ വിവിധ സാമ്പത്തിക ആരോപണങ്ങളെത്തുടർന്ന് ബിസിസിഐ ലളിത് മോദിയെ പുറത്താക്കിയിരുന്നു, തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷണം പ്രഖ്യാപിച്ചതോടെ ലളിത് മോദി അന്നുമുതൽ ലണ്ടനിലാണ് താമസം.