
പാലാ: യു ഡി എഫിൽ അസ്വസ്ഥതകളുണ്ടെന്ന് പാലാ എം എൽ എ മാണി സി കാപ്പൻ. മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ ആർക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഇടതു മുന്നണിയിൽ ഇത്തരം അസ്വസ്ഥതകളൊന്നുമില്ലെന്നും എന്നാൽ മുന്നണി മാറില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. യു ഡി എഫ് പരിപാടികളൊന്നും തന്നെ അറിയിക്കുന്നില്ല. വിളിച്ചാൽ പോകും, വിളിക്കാതെ പോകാൻ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇവിടെ ആർക്കും ആരെയും എന്തും പറയാം. രമേശ് ചെന്നിത്തല സർക്കാരിനെതിരെ ഒരു ആരോപണം ഉന്നയിച്ചാൽ അത് ഉന്നയിക്കേണ്ടത് ഞാനാണെന്ന് വി ഡി സതീശൻ പറയും. അതൊക്കെ ഒരു കെട്ടുറപ്പിന്റെ പ്രശ്നം തന്നെയല്ലേ? എൽ ഡി എഫിൽ അങ്ങനെ ഉണ്ടാകാറില്ല. യു ഡി എഫിൽ പല കക്ഷികളും സംതൃപ്തരല്ല. അതൊക്കെ തിരുത്തിപ്പോകാൻ തയ്യാറായാൽ തീർച്ചയായും യു ഡി എഫിന് അധികാരം തിരിച്ചുപിടിക്കാം.'- മാണി സി കാപ്പൻ പറഞ്ഞു.