prajeesh

മുക്കം: യുവതി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും വനിതാ സുഹൃത്തിനും കഠിന തടവും പിഴയും വിധിച്ച് കോടതി. കൽപ്പായി പുൽപ്പറമ്പിൽ നീന (27)യാണ് ജീവനൊടുക്കിയത്. കേസിൽ ഭർത്താവ് കല്ലുരുട്ടി കൽപ്പുഴായി പ്രജീഷ് (36), കല്ലുരുട്ടി വാപ്പാട്ട് വീട്ടിൽ ദിവ്യ (33) എന്നിവർക്ക് കോഴിക്കോട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി (ഒന്ന്) കെ. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.

പ്രജീഷാണ് കേസിലെ ഒന്നാം പ്രതി. ഇയാൾക്ക് ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും, രണ്ടാംപ്രതിയായ ദിവ്യക്ക് അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക നീനയുടെ മക്കൾക്ക് നൽകണം. പ്രതികൾ പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം.

2019 മേയ് 25നാണ് നീന ആത്മഹത്യ ചെയ്തത്. പ്രജീഷും ദിവ്യയും തമ്മിലുള്ള ബന്ധം നീന ചോദ്യം ചെയ്തിരുന്നു. ഇതോടെ പ്രജീഷ് നീനയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. മനോവിഷമത്തിൽ യുവതി ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.