rrrbatman

സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് രാജമൗലിയുടെ ആർ ആർ ആർ. ഇതിനോടകം തന്നെ 500 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ അഭിമാനകരമായ മറ്റൊരു നാഴികക്കല്ല് കൂടി ചിത്രം പിന്നിട്ടിരിയ്ക്കുകയാണ്. കളക്ഷനിൽ സാക്ഷാൽ ബാറ്റ്മാനെ ആർ ആർ ആർ പിന്തള്ളിയിരിയ്ക്കുകയാണ്.

ഓപ്പണിങ്ങ് വാരാന്ത്യത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായാണ് ആർ ആർ ആർ മാറിയിരിയ്ക്കുന്നത്. റിലീസായ ആ‌ദ്യ വാരത്തിൽ ഏകദേശം 450 കോടി നേടിയാണ് ആർ ആർ ആർ ഒന്നാമതെത്തിയത്. റോബർട്ട് പാറ്റിൻസൻ നായകനായെത്തിയ ബാറ്റ്മാൻ 344 കോടിയാണ് ആ‌ദ്യ വാരം ലോകത്തൊട്ടാകെ നേടിയത്. തൊട്ടു പിന്നിലുള്ള ദി ലോസ്റ്റ് സിറ്റി 265 കോടി കരസ്ഥമാക്കി.

700 കോടി ക്ലബിലേയ്ക്ക് ആർ ആർ ആർ ഈയാഴ്ചയോടെ തന്നെ എത്തുമെന്ന് ഉറപ്പാണ്. രാജമൗലിയുടെ എക്കാലത്തെയും വലിയ ഹിറ്റായ ബാഹുബലി 2 ന്റെ സർവകാല കളക്ഷൻ ചിത്രം റെക്കോർഡ് വേഗത്തിൽ മറികടക്കുമെന്നാണ് സിനിമ അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

ജൂനിയർ എൻ ടി ആർ, രാംചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, സമുദ്രക്കനി, അലിസൺ ഡൂഡി, ശ്രിയ ശരൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പിതാവ് കെ.വി​. വി​ജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് രാജമൗലിയാണ്. ലോകത്താകമാനം പതിനായിരം സ്ക്രീനുകളിലാണ് ആർ ആർ ആർ റി​ലീസ് ചെയ്‌തത്.