thooshan

ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റ് വലിച്ചെറിയണ്ട ഇനി അതും കഴിക്കാം. അതിശയിക്കണ്ട, പറഞ്ഞുവരുന്നത് കൊച്ചി സ്വദേശികളായ ദമ്പതികൾ നിർമിക്കുന്ന 'തൂശൻ പ്ലേറ്റ്' എന്ന പിഞ്ഞാണത്തെ പറ്റിയാണ്. ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞാലും മണ്ണിന് ദോഷം വരുത്താത്ത ഈ പ്ലേറ്റുകൾ ഗോതമ്പിന്റെ തവിട് വേവിച്ച് സംസ്കരിച്ചാണ് ഉണ്ടാക്കുന്നത്.

കാക്കനാട് സ്വദേശികളായ വിനയകുമാർ ബാലകൃഷ്ണനും ഭാര്യ ഇന്ദിര നായരും തങ്ങളുടെ യാത്രകൾക്കിടെ ദുബായിൽ വച്ചാണ് 'ഗോതമ്പുപിഞ്ഞാണം' ആദ്യമായി കാണുന്നത്. ഇത് കേരളത്തിലേയ്ക്ക് കൊണ്ടുവരാൻ ഇവർ ശ്രമിച്ചെങ്കിലും പോളണ്ടിലെ നിർമാണ കമ്പനികൾ തയാറായില്ല. തുടർന്നാണ് സ്വന്തമായി നിർമാണം ആരംഭിക്കാൻ തീരുമാനിച്ചത്. മൗറീഷ്യസിൽ ഉദ്യോഗസ്ഥനായ വിനയകുമാറും ബാങ്ക് ഉദ്യോഗസ്ഥയായ ഇന്ദിരയും ഇതിനായി പിന്നീട് നിരവധി ഗവേഷണങ്ങൾ നടത്തി. കാർഷിക സർവകലാശാല, ഇൻ‌ഡിഗ്രാം ലാബ്സ്, സി എസ് ഐ ആർ എന്നിവരിൽ നിന്നും സാങ്കേതിക സഹായവും തേടി. ശേഷം അങ്കമാലിയിൽ ഫാക്ടറി സ്ഥാപിച്ചു.

thooshan

നിലവിൽ കേരളത്തിൽ 7000ടൺ ഗോതമ്പിന്റെ തവിട് ഉണ്ടാക്കുന്നുണ്ട്. കാലിത്തീറ്റയ്ക്കായി ഉപയോഗിച്ച ശേഷവും പകുതിയോളം വരുന്ന ബാക്കിയുള്ളവയുടെ നിർമാർജനം ബുദ്ധിമുട്ടേറിയതാണെന്നാണ് ഇന്ദിര പറയുന്നത്. കിലോയ്ക്ക് 25രൂപയ്ക്കാണ് ഒരു മില്ലിൽ നിന്നും ഇപ്പോൾ അവർ ഗോതമ്പ് തവിട് വാങ്ങുന്നത്. ഒരു ദിവസം കുറഞ്ഞത് 1000 പിഞ്ഞാണങ്ങൾ ഫാക്ടറിയിൽ ഉണ്ടാക്കുന്നുണ്ട്. ഡിന്നർ പ്ലേറ്റും സ്നാക്ക് പ്ലേറ്റുമാണ് ഇപ്പോൾ നിർമിക്കുന്നത്. മൂന്ന് മുതൽ ഇരുപത് വരെയാണ് ഒരു പാത്രത്തിന്റെ വില വരുന്നത്. ഇതിന് പുറമേ അരിപ്പൊടി സ്ട്രോയും കോൺ സ്റ്റാർച്ചും ബയോ ഡീ-ഗ്രേഡബിൾ പ്ലാസ്റ്റിക്കും ചേർന്ന ബാഗുകളും നിർമിക്കുന്നുണ്ട്. ഗോതമ്പ് തവിടിൽ തന്നെ സ്പൂണും ഫോർക്കും ഇപ്പോൾ ഇവർ തയാറാക്കാന്നുണ്ട്.