
തിരുവനന്തപുരം: രാജസ്ഥാനിൽ പ്രസവത്തെത്തുടന്ന് യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തപ്പെടുകയും പിന്നാലെ ഡോക്ടർ ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. രാജ്യത്തെമ്പാടും നിന്നും പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലും കേരള ഹെൽത്ത് സർവീസിലും പ്രവർത്തിക്കുന്ന ഡോക്ടർ സുൽഫി നൂഹുവിന്റെ കുറിപ്പ് ഏറെ ശ്രദ്ധ നേടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു ഡോക്ടറുടെ ആത്മഹത്യ കുറിപ്പ്
----------+
"ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും സ്നേഹിക്കുന്നു, ദയവായി എന്റെ മരണശേഷം അവരെ ഉപദ്രവിക്കരുത്"
"ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല".
"ഞാൻ ആരെയും കൊന്നിട്ടില്ല".
"പോസ്റ്റ് പാർട്ടം ഹെമറേജിന് എനിക്കെതിരേ കൊലക്കുറ്റം ചുമത്തി ഉപദ്രവിച്ചത് ക്രൂരതയാണ്".
"ഇത് അറിയപ്പെടുന്ന സങ്കീർണതയാണ്".
" ഒരു പക്ഷേ എന്റെ മരണം എന്റെ നിരപരാധിത്വം തെളിയിക്കാൻ സഹായിച്ചേക്കാം"
"ഇനിയും ഇങ്ങനെ നിരപരാധികളായവരെ ഉപദ്രവിക്കരുത്"..
"ലവ് യു"
"ദയവു ചെയ്ത് എന്റെ കുട്ടികൾക്ക് അമ്മയുടെ അഭാവം അനുഭവപ്പെടരുത്".
എന്ന്
ഡോ .അർച്ചന.
രാജസ്ഥാനിലാണ്. നാളെ ഇത് ഇവിടെയും സംഭവിച്ചേക്കാം. പോസ്റ്റ് പാർട്ടം ഹെമറേജ് എന്ന അതീവഗുരുതരമായ സ്ഥിതിവിശേഷത്തിൽ എത്തിച്ചേർന്ന ഗർഭിണി നിർഭാഗ്യവശാൽ മരിക്കുന്നു. ഗർഭിണികളുടെ മരണത്തിന് 25 മുതൽ 40 ശതമാനം വരെ കാരണമാകുന്നത് ഈ അവസ്ഥയാണ്. വളരെ ഉയർന്ന മരണനിരക്കുള്ള ഈ അസുഖം ചിലപ്പോഴൊക്കെ ഡോക്ടറുടെ കൈപിടിയിൽ ഒതുങ്ങുന്നതല്ല. രോഗി മരിക്കുന്നു.
ഡോക്ടർക്കെതിരെ കൊലക്കുറ്റത്തിന് കേസ് ചാർജ് ചെയ്യുന്നു.
സെക്ഷൻ 302 ഐ പി സി പ്രകാരം. സമൂഹ മാദ്ധ്യമ വിചാരണ. വിവിധ മേഖലകളിൽ നിന്നുള്ള നിരന്തര ആക്രമണം. ഇന്നലെ ഡോക്ടർ ആത്മഹത്യ ചെയ്തു. ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ചില ജീവനുകൾ കൈപ്പിടിയിലൊതുങ്ങില്ല. നിയമപ്രകാരം കൊലക്കുറ്റം ചാർജ് ചെയ്യാൻ ഒരു വകുപ്പുമില്ല. ഈ ക്രൂരത ഒരു ഡോക്ടറുടെ ജീവനെടുത്തു. ഇത് ആവർത്തിക്കപ്പെടരുത് ഒരിക്കലും.
ഡോ സുൽഫി നൂഹു