will-smith

ലോസ് ആഞ്ചൽസ്: ഓസ്കർ വേദിയെ ഞെട്ടിച്ചുകൊണ്ട് അവതാരകനെ ആക്രമിച്ച വിൽ സ്‌മിത്തിനെ കാത്തിരിക്കുന്നത് കടുത്ത വിലക്കുകൾ. ഭാര്യ ജേഡ് സ്മിത്തിന്റെ തലമുടിയെ കളിയാക്കിയതിനാണ് വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ തല്ലിയത്.

ആദ്യം എല്ലാവരും ഇതൊരു പ്രാങ്ക് ആണെന്ന് കരുതിയെങ്കിലും വേദിയിൽ നിന്ന് കസേരയിൽ വന്നിരുന്ന ശേഷവും വിൽ സ്മിത്ത് അവതാരകനോട് ചൂടായതോടെയാണ് സംഭവം ഗുരുതരമാണെന്ന് എല്ലാവർക്കും വ്യക്തമായത്. സംഭവത്തിൽ കടുത്ത അതൃപ്‌തിയാണ് അക്കാഡമി രേഖപ്പെടുത്തിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ തന്നെ വിൽ സ്മിത്തിനോട് പുറത്ത് പോകാൻ പറഞ്ഞുവെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ലെന്ന് അധികൃതർ അറിയിച്ചു.

തല്ലിന് ശേഷം സ്‌മിത്ത് ക്ഷമാപണം നടത്തിയെങ്കിലും ഓസ്കർ ചരിത്രത്തിലെ തന്നെ കറുത്ത അദ്ധ്യായമായി മാറിയ സംഭവത്തെ നിസാരമായി കാണാൻ അധികൃതർ ഒരുക്കമല്ല. വിൽ സ്മിത്തിന് നേരെ അച്ചടക്ക നടപടികളുണ്ടാവാൻ സാധ്യത ഏറെയാണ്. ഏപ്രിൽ 18 ന് നടക്കുന്ന അക്കാഡമി ബോർഡ് മീറ്റിങ്ങിലാവും താരത്തിനെതിരെയുള്ള നടപടികൾ കെെകൊള്ളുക.

ഓസ്കറിൽ നിന്നുള്ള ആജീവനാന്ത വിലക്ക് താരത്തിന് നേരെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ചിലപ്പോൾ കുറച്ച് നാളത്തെ സസ്‌പെൻഷനിൽ കാര്യങ്ങൾ ഒതുങ്ങിയേക്കും. കടുത്ത നടപടികൾ വിൽസ്മിത്തിന് നേരെയുണ്ടാവുകയാണെങ്കിൽ ആരാധകർക്ക് കടുത്ത നഷ്ടമാകും ഉണ്ടാവുക.