
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ ചാമ്പിക്കോ സ്റ്റൈൽ ഫോട്ടോഷൂട്ട് വൈറലായി. തലൈവർ എന്ന തലക്കെട്ടോടെ ജയരാജിന്റെ മകൻ ജെയിൻ രാജാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഇരുപത് പാർട്ടി പ്രവർത്തകർക്കൊപ്പമാണ് ജയരാജ് മൈക്കിളപ്പൻ സ്റ്റൈലിൽ ഫോട്ടോഷൂട്ടിനെത്തുന്നത്. സ്ലോ മോഷനിൽ നടന്നു വന്ന് ഇരിക്കുന്നതും ചാമ്പിക്കോ എന്ന ഡയലോഗ് പറയുന്നതും പാർട്ടി പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ പിജെ പൊളിയാണെന്നും ഇതാണ് പിജെയെ വ്യത്യസ്‌തനാക്കുന്നത് എന്നൊക്കെയുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
മമ്മൂട്ടിയുടെ ഭീഷ്‌മപർവം റിലീസായതിന് പിന്നാലെയാണ് മൈക്കിളപ്പന്റെ ചാമ്പിക്കോ സ്റ്റൈലും വൈറലായത്. അമൽനീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കിളപ്പനായി എത്തുന്നത് മമ്മൂട്ടിയാണ്. ചിത്രത്തിൽ കുടുംബത്തിനൊപ്പം ഫോട്ടോഷൂട്ട് നടത്തുമ്പോൾ മൈക്കിളപ്പൻ സ്ലോ മോഷനിൽ നടന്നു വരുന്നതും ചാമ്പിക്കോ എന്ന് പറയുന്നതും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
ചിത്രം റിലീസായതിന് പിന്നാലെ നിരവധി പേർ ചാമ്പിക്കോ സ്റ്റൈൽ ഫോട്ടോഷൂട്ടുകൾ നടത്തി. അതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ പി ജയരാജനും സംഘവും ചാമ്പിക്കോ വീഡിയോയുമായി എത്തിയത്.