
ന്യൂഡൽഹി: പെട്രോൾ വില വർദ്ധനവിനെതിരെ ഡൽഹിയിൽ സമരം ആരംഭിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെയും രാജ്യസഭയിലെയും എം പിമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹി വിജയ് ചൗക്കിലാണ് സമരം നടത്തുന്നത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒമ്പത് തവണയാണ് പെട്രോൾ ഡീസൽ വില വർദ്ധിച്ചത്. വിലക്കയറ്റം നിയന്ത്രിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാഹുൽ ഗാന്ധി സമര വേദിയിൽ പറഞ്ഞു.
#WATCH Congress MP Rahul Gandhi along with party leaders holds protest against fuel price hike in Delhi pic.twitter.com/uIXJMoveLj
— ANI (@ANI) March 31, 2022
രാജ്യത്ത് തുടർച്ചയായി പെട്രോൾ ഡീസൽ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് ഏഴ് രൂപ 98 പൈസയും ഡീസലിന് അഞ്ച് രൂപ 70 പൈസയുമാണ് വർദ്ധിച്ചത്. രാജ്യത്ത് പലയിടത്തും പെട്രോൾ വില നൂറ് കടന്നിരിക്കുകയാണ്.
നിരവധി പാർട്ടി നേതാക്കൾക്കൊപ്പമാണ് രാഹുൽ ഗാന്ധി സമരം നടത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധന വില വർദ്ധിക്കുമെന്ന് തങ്ങൾ പ്രവചിച്ചിരുന്നതാണെന്ന് കോൺഗ്രസ് എം പി അഥിർ രഞ്ജൻ ചൗദരി പറഞ്ഞു. ഇന്ധന വില വർദ്ധന പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.വിലക്കയറ്റം മൂലം പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.