
ബീജിംഗ്: വെയ് ജിയാംഗുവോ എന്ന അറുപതുകാരൻ പതിനാലു വർഷമായി താമസിക്കുന്നത് വിമാനത്താവളത്തിൽ. ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ജിയാംഗുവോ കഴിച്ചുകൂട്ടുന്നത്. ഇത്തരത്തിൽ ജീവിക്കുന്നത് സ്വന്തമായി വീടോ കുടുംബമോ ഇല്ലാഞ്ഞിട്ടുമല്ല, മറിച്ച് തന്റെ സ്വസ്ഥമായ ജീവിതത്തിൽ കുടുംബത്തിന്റെ ഇടപെടൽ ഇല്ലാതിരിക്കാൻ ആണെന്നാണ് ജിയാംഗുവോ വെളിപ്പെടുത്തുന്നത്.
2008 മുതലാണ് വെയ് ജിയാംഗുവോ വിമാനത്താവളത്തിൽ താമസമാരംഭിച്ചത്. നാൽപ്പതാമത്തെ വയസിൽ ജോലിയിൽ നിന്നും പുറത്താക്കപ്പെട്ടു. പ്രായം കൂടുതലാണെന്ന പേരിൽ മറ്റൊരും ജോലി നൽകിയതുമില്ല. അങ്ങനെയാണ് വിമാനത്താവളത്തിൽ ജീവിതം ആരംഭിച്ചത്. തനിക്ക് വീട്ടിൽ തിരികെ പോകാൻ കഴിയില്ലെന്നും ജിയാംഗുവോ പറയുന്നു. തിരികെ പോയാൽ തനിക്ക് സ്വതന്ത്രമായി ജീവിക്കാൻ സാധിക്കില്ല. മദ്യപാനവും പുകവലിയും ഉപേക്ഷിച്ചാൽ മാത്രമേ വീട്ടിൽ താമസിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അല്ലാത്ത പക്ഷം തനിക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യമായ പതിനൊന്നായിരത്തോളം രൂപ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. പണം നൽകിയാൽ സിഗരറ്റും മദ്യവും എങ്ങനെ വാങ്ങുമെന്നും ജിയാംഗുവോ ചോദിക്കുന്നു.
വിമാനത്താവളത്തിലെ ജീവിതത്തിൽ സമയം എത്രയാണെന്ന് പോലും ഓർക്കാറില്ലെന്ന് ജിയാംഗുവോ പറയുന്നു. അടുത്തുള്ള കടയിൽ പോയി ആഹാരസാധനങ്ങളും മദ്യവും വാങ്ങും. യാത്രക്കാരെ നിരീക്ഷിച്ച് സമയം ചെലവഴിക്കും.
2017ൽ എയർപോർട്ട് ജീവനക്കാർ ജിയാംഗുവോയെ വിമാനത്താവളത്തിൽ നിന്നും പുറത്താക്കിയിരുന്നു. പൊലീസ് എത്തി 20 കിലോമീറ്റർ അപ്പുറമുള്ള വീട്ടിൽ കൊണ്ടുവിടുകയും ചെയ്തു. എന്നാൽ വീട്ടിലാണെങ്കിൽ സ്വസ്ഥമായി മദ്യപിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഇയാൾ വിമാനത്താവളത്തിലേക്ക് തന്നെ തിരികെ പോരുകയായിരുന്നു.