
ചെന്നൈ : പാമ്പിനെ പിടിക്കാനും വിഷം ശേഖരിക്കാനും ഇരുള സമുദായത്തിന് അനുമതി. സൂര്യ കേന്ദ്രകഥാപാത്രമായി എത്തിയ ജയ് ഭീം എന്ന ചിത്രത്തിലൂടെ ലോകപ്രശസ്‌തി നേടിയ ഗോത്രവിഭാഗമാണ് ഇരുളർ. തമിഴ്നാട് വനംവകുപ്പാണ് ഇരുളർക്ക് ഏറെ ആശ്വാസകരമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇരുള സമുദായത്തിന്റെ പ്രധാന ജീവനോപാദിയാണ് പാമ്പിനെ പിടിച്ച് വിഷം ശേഖരിക്കുന്നത്. വിഷം ശേഖരിച്ചശേഷം പാമ്പിനെ വിട്ടയക്കുകയാണ് പതിവ്. ഇരുളരിൽനിന്ന് പാമ്പിൻ വിഷം ശേഖരിക്കാനും പ്രതിവിഷ നിർമാണത്തിനായി അവ വിൽക്കാനുമായി 1978ൽ ഇരുള സ്‌നേക്ക് കാച്ചേഴ്സ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽവന്നു.
രാജ്യത്ത് ഏറ്റവുമധികം പാമ്പുവിഷം ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്ന സഹകരണസംഘമായിരുന്നു ഇത്. സർക്കാർസ്വകാര്യ മേഖലകളിലെ ഔഷധനിർമാതാക്കളാണ് വിഷം വാങ്ങുന്നത്. അനുമതി യഥാസമയം ലഭിക്കാത്തതുകാരണം സൊസൈറ്റിയുടെ പ്രവർത്തനം നിഷ്‌ക്രിയമാവുകയായിരുന്നു. തമിഴ്നാട്ടിലെ തിരുവള്ളൂർ, കൃഷ്ണഗിരി, ധർമപുരി ജില്ലകളിൽ കഴിയുന്ന പട്ടികവർഗ വിഭാഗമായ ഇരുളർ പരമ്പരാഗതമായി പാമ്പുപിടിത്തക്കാരാണ്.