
മലയാള സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങിവരവിൽ താൻ ഏറെ സന്തുഷ്ടനാണെന്ന് നടൻ പൃഥ്വിരാജ്. മുമ്പ് താൻ സുഹൃത്തായിരുന്നുവെങ്കിൽ ഇപ്പോൾ അവരുടെ ആരാധകനാണെന്നും ഭാവനയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞു.
'ഭാവന തിരിച്ചുവരുന്നതിൽ ഒരുപാട് സന്തോഷം. ഇതിനിടയിൽ സിനിമയിലേക്ക് വരുന്നോയെന്ന് ഒരുപാട്പേർ ചോദിച്ചിട്ടുണ്ട്. ഇപ്പോഴാണ് അവർ സ്വയം റെഡിയായി സിനിമയിലേക്ക് വന്നത്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. കഴിഞ്ഞ അഞ്ചുവർഷക്കാലമായി ഞാൻ അവരുടെ ആരാധകനാണ്.' പൃഥ്വിരാജ് പറഞ്ഞു.
തനിക്കറിയാവുന്ന സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്നവരാണെന്നും മറ്റുള്ളവർ പിന്തുണ കൊടുക്കുന്നുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളസിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഭാവന. അടുത്തിടെ ഒരു മാദ്ധ്യമത്തിനോട് താൻ നേരിട്ട അതിക്രമത്തെ കുറിച്ച് അവർ തുറന്നുപറഞ്ഞിരുന്നു. അതിന് പിന്നാലെ രാജ്യാന്തരചലചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായെത്തി ഏവരെയും ഞെട്ടിച്ചിരുന്നു.
ഇപ്പോൾ ഇടവേള അവസാനിപ്പിച്ച് മലയാളസിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. ആദിൽ മൈമൂനത്ത് അഷ്റഫിന്റെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളികൾക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനായെത്തുന്നത്.