
ബംഗളൂരു: ടിപ്പു സുൽത്താന്റെ 'മൈസൂർ കടുവ' എന്ന വിശേഷണം പാഠപുസ്തകങ്ങളിൽ നിന്ന് നീക്കാനൊരുങ്ങി കർണാടക സർക്കാർ. ടിപ്പു സുൽത്താനെ പറ്റിയുള്ള ഭാഗങ്ങൾ മുഴുവനായി നീക്കം ചെയ്യില്ലെന്നും, എന്നാൽ മൈസൂർ കടുവ എന്ന അദ്ദേഹത്തിന്റെ വിശേഷണം മാത്രമാണ് മാറ്റുന്നതെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.
കുട്ടികളെ യഥാർത്ഥ ചരിത്രം പഠിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. വ്യക്തികളെ ആരുടെയെങ്കിലും ഭാവനയുടെ അടിസ്ഥാനത്തിൽ മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യും. എന്നാൽ ടിപ്പു സുൽത്താന്റെ മൈസൂർ കടുവ എന്ന വിശേഷണത്തിന് ചരിത്രത്തിൽ നിന്ന് എന്തെങ്കിലും തെളിവു ലഭിച്ചാൽ അത് നിലനിറുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഴുത്തുകാരനായ രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള അവലോകന സമിതി പാഠപുസ്തകങ്ങളിലെ ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ മാറ്റം വരുത്താൻ ശുപാർശ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഈ പ്രസ്താവന. ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട പാഠങ്ങൾ ഒഴിവാക്കില്ല. ചരിത്രപരമായ തെളിവുകളുള്ള ഉള്ളടക്കം മാത്രമേ പുസ്തകങ്ങളിൽ ഉണ്ടാവുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിപ്പു സുൽത്താൻ തന്റെ ഭരണ കാലത്ത് മതപരിവർത്തനം നടത്തുകയും ഹിന്ദുക്കളെ കൊന്നൊടുക്കുകയും ചെയ്തുവെന്നാണ് വിവധ ഹിന്ദു സംഘടനകൾ ആരോപിക്കുന്നത്. ടിപ്പു സുൽത്താനെക്കുറിച്ചുള്ള അദ്ധ്യായങ്ങൾ നിലനിറുത്താനും, അദ്ദേഹത്തെ മഹത്വവൽക്കരിക്കുന്ന ഭാഗങ്ങൾ നീക്കാനുമാണ് അവലോകന സമിതി നിർദ്ദേശിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആറു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനാണ് രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിൽ സമിതിയെ ചുമതലപ്പെടുത്തിയത്.
രോഹിത് ചക്രതീർത്ഥ ഒരു വലതു പക്ഷ ചിന്തകനാണെന്നും, അദ്ദേഹത്തെ അവലോകന സമിതിയിൽ നിയമിച്ചത് വിദ്യാഭ്യാസ രംഗത്തെ കാവിവൽകരിക്കാനുള്ള ശ്രമമാണെന്നും കോൺഗ്രസ് ആരോപിച്ചു. 2019ൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ മുതൽ ടിപ്പു സുൽത്താന്റെ ജന്മദിന ആഘോഷങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 2015ൽ കോൺഗ്രസ് സർക്കാരാണ് ഈ ആഘോഷങ്ങൾ കൊണ്ടുവന്നത്.