
ന്യൂഡൽഹി: ലോകത്ത് നടക്കുന്ന പകുതിയിലധികം ഗർഭവും അബദ്ധത്തിൽ സംഭവിക്കുന്നതാണെന്ന് യുഎൻ റിപ്പോർട്ട്. ഓരോ വർഷവും നടക്കുന്ന 121 ദശലക്ഷം അപ്രതീക്ഷിത ഗർഭധാരണത്തിൽ അറുപത് ശതമാനവും ഗർഭഛിദ്രത്തിൽ അവസാനിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രത്യുത്പാദന ആരോഗ്യ ഏജൻസി വെളിപ്പെടുത്തി.
ലിംഗ അസമത്വം, ദാരിദ്ര്യം, ലൈംഗികാതിക്രമം, ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത കുറവ് എന്നിവയെല്ലാം ആരോഗ്യകരമല്ലാത്ത ഗർഭധാരണത്തിന് കാരണമാകുന്നുണ്ട്. ഗർഭം ധരിക്കാൻ തയ്യാറാണോ എന്നതിനെ കുറിച്ചുള്ള അജ്ഞതയും ഇതിന്റെ കണക്ക് വർദ്ധിപ്പിക്കുന്നു. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎന്നിന്റെ പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, യുദ്ധം നടക്കുന്ന യുക്രെയിനിലെ അവസ്ഥയും പരിതാപകരമാണ്. നിലവിലെ സംഘർഷാവസ്ഥ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നതിനും ഗർഭനിരോധന മാർഗങ്ങൾ തടയുന്നതിനും കാരണമാകും. ഗർഭനിരക്ക് ഇനിയും ഉയരുമെന്നതിന്റെ സൂചനയാണ് അതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകമെമ്പാടും നടക്കുന്ന അഭയാർത്ഥി പ്രശ്നങ്ങളോട് അനുബന്ധിച്ച് സ്ത്രീകളിൽ 20 ശതമാനത്തിലധികം ലൈംഗികാതിക്രമങ്ങൾ വർദ്ധിപ്പിക്കുകന്നതായും യുഎൻഎഫ്‌പിഎ എക്സിക്യൂട്ടീവ് ഡയറക്ടർ നതാലിയ കാനെം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സംഘർഷത്തെ തുടർന്ന് 2025ൽ 4.8 ദശലക്ഷം അപ്രതീക്ഷിത ഗർഭധാരണം ഉണ്ടാകുമെന്നും അവർ പറഞ്ഞു. കൂടാതെ കൊവിഡ് പ്രതിസന്ധിയും ആരോഗ്യ സംരക്ഷണത്തെയും ഗർഭനിരോധനത്തെയും തടസപ്പെടുത്തി. ഇത് ലോക്‌ഡൗണിന്റെ ആദ്യ വർഷത്തിൽ 1.4 ദശലക്ഷം അപ്രതീക്ഷിത ഗർഭധാരണത്തിന് വഴി തെളിച്ചെന്നും അവർ വ്യക്തമാക്കി.